ടി.എം സിദ്ദിഖിന് വേണ്ടി പൊന്നാനിയില്‍ പരസ്യ പ്രതിഷേധവുമായി സി പി എം
പൊന്നാനിയില്‍ ടിഎം സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ടു സിപിഎം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പരസ്യ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ . പി നന്ദകുമാറിനെ സ്ഥാനാര്‍ഥിയാക്കാനാണ് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് സിദ്ദിഖ്. ‘നേതാക്കളെ പാര്‍ട്ടി തിരുത്തും. പാര്‍ട്ടിയെ ജനം തിരുത്തും.’, ‘വരണം എല്‍.ഡി.എഫ് വേണം ടി.എം.എസ് പൊന്നാനിയില്‍’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം.
എന്നാല്‍ പ്രതിഷേധങ്ങളെ ടി.എം സിദ്ദിഖ് തള്ളി. പാര്‍ട്ടി തീരുമാനത്തിന് അനുസരിച്ചാണ് താന്‍ പ്രവര്‍ത്തിക്കുകയെന്നു അദ്ദേഹം പറഞ്ഞു. പാര്‍ട്ടി തീരുമാനിക്കാത്ത പ്രതിഷേധത്തെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാവദപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരല്ല പൊന്നാനിയില്‍ പ്രകടനം നടത്തിയതെന്ന് മലപ്പുറം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസ് പറഞ്ഞു.പൊന്നാനിയില്‍ ഒരു പ്രതിസന്ധിയുമില്ല. സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചാല്‍ തെറ്റിധാരണ മാറുമെന്നും സംഭവത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തുമെന്നും മോഹന്‍ദാസ് പറഞ്ഞു.
സിപിഐഎം സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവരുന്നതിന് പിന്നാലെ പലയിടത്തും പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. രഹസ്യമായും പോസ്റ്റര്‍ യുദ്ധങ്ങളായും മുന്നോട്ട്പോയിരുന്ന പ്രതിഷേധം പരസ്യ പ്രകടനമായി പുറത്തുവന്നത് മലപ്പുറം പൊന്നാനിയിലായിരുന്നു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ രണ്ടുതവണ സ്ഥാനാര്‍ത്ഥിയായി വിജയിച്ച് കൂടെകൂട്ടിയ മണ്ഡലമാണ് പൊന്നാനി. എന്നാല്‍ രണ്ടു ടേം മാനദണ്ഡത്തെ തുടര്‍ന്ന് ഇത്തവണ പി. ശ്രീരാമകൃഷ്ണന്‍ മത്സരിക്കില്ല. ഇതോടെയാണ് മണ്ഡലത്തില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിക്കായി അന്വേഷണം ആരംഭിച്ചത്.
പൊന്നാനിയില്‍ സ്വീകാര്യനായ നേതാവാണ് ടി.എം.സിദ്ദിഖ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും സ്വാധീനമുണ്ട്. 2011 ലും ടി.എം. സിദ്ദിഖിന്റെ പേര് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഉയര്‍ന്നിരുന്നു. 1991 ല്‍ ബ്രാഞ്ച് സെക്രട്ടറിയായി ചുമതലയേറ്റ ടി.എം. സിദ്ദിഖ് 2001 മുതല്‍ 2011 വരെയുള്ള 10 വര്‍ഷക്കാലം ഏരിയ സെക്രട്ടറി ചുമതലയില്‍ എത്തിയിരുന്നു. ഈ കാലയാളവിനുള്ളില്‍ പാര്‍ട്ടിയിലെ വിഭാഗീയത അവസാനിപ്പിച്ച് പാര്‍ട്ടിയെ കൂടുതല്‍ കെട്ടുറപ്പുള്ളതാക്കി മാറ്റിയതും ശ്രദ്ധേയമായ പ്രവര്‍ത്തനമായിരുന്നു.








