പ്രതിഷേധം ; മലമ്പുഴ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തു
കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മലമ്പുഴ സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുത്തു. എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്ന് മലമ്പുഴ സീറ്റില്‍ മത്സരിക്കാനില്ലെന്ന് ജനദാതള്‍ (ജോണ്‍ ജോണ്‍) വിഭാഗം അറിയിച്ചിരുന്നു. കാലങ്ങളായി കോണ്‍ഗ്രസ് മത്സരിച്ച് വന്ന മലമ്പുഴ മണ്ഡലം ജനദാതള്‍ (ജോണ്‍ ജോണ്‍) വിഭാഗത്തിന് വിട്ടുനല്‍കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രമേയം പാസാക്കിയിരുന്നു. സീറ്റ് വിട്ടുനല്‍കിയത് ബിജെപിക്ക് വോട്ട് നല്‍കാനാണെന്ന ആരോപണവും പ്രവര്‍ത്തകര്‍ ഉന്നയിച്ചു. ഇതോടെയാണ് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തത്.
മലമ്പുഴക്ക് പകരം എലത്തൂരെന്ന ആവശ്യം ജനദാതള്‍ (ജോണ്‍ ജോണ്‍) വിഭാഗം മുന്നോട്ട് വെച്ചിട്ടുണ്ട്. എലത്തൂര്‍ ലഭിച്ചില്ലെങ്കില്‍ സീറ്റ് വേണ്ടെന്നാണ് നിലപാട്. അതേസമയം പുനലൂര്‍ സീറ്റ് ലീഗിന് നല്‍കിയതില്‍ പ്രതിഷേധിച്ച് പുനലൂരില്‍ നിന്നുള്ള ഡി.സി.സി ഭാരവാഹികളും ബ്ലോക്ക് ഭാരവാഹികളും രാജിവെച്ചു. ലീഗ് മത്സരിച്ചാല്‍ പുനലൂരില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നും നേതാക്കള്‍ പറയുന്നു. കോങ്ങാട് സീറ്റ് ലീഗിന് നല്‍കിയതില്‍ മണ്ഡലത്തിലെ കോണ്‍ഗ്രസില്‍ എതിര്‍പ്പ് രൂക്ഷമാണ്. പ്രതിഷേധ സൂചകമായി കോങ്ങാട് മണ്ഡലത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളും ഭാരവാഹിത്വം രാജിവെക്കും.ഡി.സി.സി സെക്രട്ടറിമാര്‍, മണ്ഡലം പ്രസിഡന്റുമാര്‍, കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാര്‍ ഉള്‍പ്പെടെയുള്ളവരാണ് രാജിവെക്കുക.
അതേസമയം നേമം വിഷയത്തില്‍ സസ്‌പെന്‍സ് നിലനിര്‍ത്തി ഉമ്മന്‍ചാണ്ടി. നേമത്തുണ്ടാകുമോ എന്ന ചോദ്യത്തിന് ചിരി മാത്രമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി. എന്നാല്‍ രണ്ടിടങ്ങളില്‍ മത്സരിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതുവരെ രണ്ടിടത്ത് മത്സരിച്ചിട്ടില്ല. ഇനിയുമതുണ്ടാകില്ല. അദ്ദേഹം പറഞ്ഞു. അനിശ്ചിതത്വം ഉടന്‍ മാറുമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.