മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ ബഹളം ; പ്രസംഗിച്ചുകൊണ്ടിരുന്ന ബേബി ജോണിനെ അജ്ഞാതന്‍ തള്ളിയിട്ടു
തൃശൂരില്‍ മുഖ്യമന്ത്രി പങ്കെടുത്ത എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ ബഹളം. ചടങ്ങില്‍ മുതിര്‍ന്ന സിപിഎം നേതാവ് ബേബി ജോണിനെ വേദിയില്‍ കയറി അജ്ഞാതനായ വ്യക്തി തള്ളിതാഴെയിട്ടു. മുഖ്യമന്ത്രി വേദി വിട്ടിറങ്ങിയതിന് പിന്നാലെ ബേബി ജോണ്‍ പ്രഭാഷണം നടത്തുമ്പോഴായിരുന്നു സംഭവം. അപ്രതീക്ഷിതമായി ഉണ്ടായ സംഭവമായതിനാല്‍ ബേബി ജോണ്‍ നിലത്ത് വീണു.
തൃശൂരില്‍ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പരിപാടിയില്‍ പങ്കെടുത്ത് മുഖ്യമന്ത്രി മടങ്ങിയിരുന്നു. ഇതിന് പിന്നാലെ ബേബി ജോണ്‍ പ്രസംഗിക്കാനായി എഴുന്നേറ്റു. പ്രസംഗം തുടങ്ങി അല്‍പ സമയത്തിനകം വേദിയിലേയ്ക്ക് ഒരാള്‍ എത്തി. വേദിയിലുള്ളവരുടെ ശ്രദ്ധ ബേബി ജോണിലേയ്ക്ക് തിരിഞ്ഞു. ഇതിനിടെ വേദിയിലിരുന്ന ആള്‍ ബേബി ജോണിന് സമീപത്തേയ്ക്ക് എത്തി അദ്ദേഹത്തെ തള്ളിയിടുകയായിരുന്നു. എന്നാല്‍ തുടര്‍ന്ന് വേദിയില്‍ പ്രവര്‍ത്തകര്‍ ബഹളം കൂട്ടുകയായിരുന്നു. പിന്നാലെ റെഡ് വോളന്റിയര്‍മാര്‍ ബേബിജോണിനെ തള്ളി താഴെയിട്ടയാളെ വേദിയില്‍ നിന്ന് പിടിച്ച് മാറ്റി എങ്കിലും . മന്ത്രി വി.എസ് സുനില്‍കുമാര്‍ അടക്കമുള്ളവര്‍ വേദിയില്‍ നിന്ന് മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകരെ അനുനയിപ്പിക്കുവാന്‍ ശ്രമിച്ചു . സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല. വേദിയിലേക്ക് കയറി ബേബി ജോണിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചയാളെ സംബന്ധിച്ചും വ്യകതത വന്നിട്ടില്ല.
ഗുരുവായൂരില്‍ ആദ്യം സ്ഥാനാര്‍ഥിയായി സി.പി.എം നിശ്ചയിച്ചിരുന്നത് മുതിര്‍ന്ന നേതാവ് ബേബി ജോണിനെ ആയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയാണ് ബേബി ജോണ്‍. എന്നാല്‍ ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി പ്രാദേശിക തലത്തില്‍ തന്നെ എതിര്‍പ്പുയര്‍ന്നിരുന്നു. പിന്നീട് സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് ആണ് ബേബി ജോണിന്റെ പേര് മാറ്റുന്നത് സംബന്ധിച്ച നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.








