കോവിഡ് വ്യാപനം ; ശനി ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ നിയന്ത്രണം

സംസ്ഥാനത്ത് ശനി ഞായര്‍ ദിവസങ്ങളില്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇരുപത്തിനാലാം തീയതി ശനിയാഴ്ച എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചു. വിവാഹം, പാലുകാച്ചല്‍ തുടങ്ങിയ ആഘോഷ പരിപാടികള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തടസമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം പാടുള്ളു. വേനല്‍ക്കാല ക്യാമ്പുകള്‍ നടത്തേണ്ടെന്നും യോഗം തീരുമാനിച്ചു.

ഹോസ്റ്റലുകളില്‍ കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. കൊവിഡ് പ്രതിരോധത്തിന് വാര്‍ഡുതല സമിതികളെ ഉപയോഗിക്കാനും തീരുമാനിച്ചു. ബീച്ചുകളിലും പാര്‍ക്കുകളിലും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് പൊലീസിന്റെ കര്‍ശന നിരീക്ഷണം ഉണ്ടാകും. അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി പ്രത്യേകം വാക്സിനേഷന്‍ ക്യാമ്പ് നടത്തും. സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം മാത്രം ജീവനക്കാര്‍. സ്വകാര്യമേഖലയും വര്‍ക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദ്ദേശിച്ചു. ബീച്ചുകളിലും പാര്‍ക്കുകളിലും കര്‍ശന നിയന്ത്രണം നടപ്പാക്കും.

സംസ്ഥാനത്തെ കോവിഡ് ക്വാറന്റീന്‍ മാര്‍ഗനിര്‍ദേശങ്ങളും പരിഷ്‌കരിച്ചു. ഹൈറിസ്‌ക് സമ്പര്‍ക്കത്തിലുള്ളവര്‍ക്ക് നിരീക്ഷണം 14 ദിവസമായി വര്‍ദ്ധിപ്പിച്ചു. രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റീനിലാക്കും. എട്ടാം ദിവസം ആര്‍ ടി പി സി ആര്‍ പരിശോധന നടത്തണം. കോവിഡ് നെഗറ്റീവ് ആണെങ്കിലും തുടര്‍ന്നുള്ള ഏഴ് ദിവസം കൂടി നിരീക്ഷണത്തിലിരിക്കേണ്ടതാണ്. അത്യവാശ്യം ഉണ്ടെങ്കില്‍ മാത്രം പുറത്ത് പോകാമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.