അഞ്ച് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍

കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അഞ്ച് രാജ്യങ്ങളില്‍നിന്ന് എത്തുന്ന രാജ്യാന്തരയാത്രികര്‍ക്ക് ആര്‍ ടി പി സിആര്‍ നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. ചൈന , ജപ്പാന്‍, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കാണ് ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയതെന്ന് സര്‍ക്കാര്‍ അറിയിച്ചു. നിലവിലെ കോവിഡ് സാഹചര്യം നേരിടാനും വൈറസ് വ്യാപനം ചെറുക്കാനും രാജ്യം സജ്ജമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. സംസ്ഥാന മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് അഞ്ച് രാജ്യങ്ങളില്‍നിന്ന് എത്തുന്ന യാത്രികര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയെന്ന തീരുമാനം പുറത്തുവന്നത്.

”ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള രാജ്യാന്തര യാത്രക്കാര്‍ക്ക് ആര്‍ടി-പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണ്. ഇന്ത്യയിലെത്തുമ്പോള്‍, ഈ രാജ്യങ്ങളില്‍ നിന്നുള്ള ഏതെങ്കിലും യാത്രക്കാരന് രോഗലക്ഷണങ്ങള്‍ കണ്ടെത്തുകയോ കോവിഡ് 19 പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയോ ചെയ്താല്‍, അവരെ ക്വാറന്റീനിലാക്കും,” കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.ഈ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കും നിലവിലെ ആരോഗ്യസ്ഥിതി പ്രഖ്യാപിക്കുന്നതിനുള്ള എയര്‍ സുവിധ ഫോമുകള്‍ പൂരിപ്പിക്കുന്നത് നിര്‍ബന്ധമാക്കും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗായാണ് എയര്‍ സുവിധ വീണ്ടും അവതരിപ്പിക്കുന്നത്. മുമ്പ് കോവിഡ് മാനദണ്ഡപ്രകാരം ഏര്‍പ്പെടുത്തിയ എയര്‍ സുവിധ കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. എന്നാല്‍ ചൈനയില്‍ കണ്ടെത്തിയ പുതിയ ഒമിക്രോണ്‍ ഉപവകഭേദമായ ബിഎഫ്.7 ഇന്ത്യയില്‍ സ്ഥിരീകരിച്ചതോടെയാണ് പ്രതിരോധ നടപടികള്‍ വീണ്ടും കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.