സൂമ്പാ നൃത്തം പഠിക്കാനെത്തുന്ന സ്ത്രീകളെ വലയിലാക്കി നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പിടിയില്‍

സൂമ്പാ നൃത്തം പഠിക്കാനെത്തുന്ന സ്ത്രീകളെ പ്രണയം നടിച്ച് വലയിലാക്കി നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കാഞ്ഞിരംപാറ സ്വദേശിയും കൃഷിവകുപ്പിലെ ക്ലാര്‍ക്കുമായ സനു ആണ് പോലീസ് പിടിയിലായത്. നൂറു കണക്കിന് പെണ്‍കുട്ടികളെയാണ് നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. സനുവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിന്ന് നഗ്നചിത്രങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക്കുകളും പിടിച്ചെടുത്തിട്ടുണ്ട്.

കൃഷി വകുപ്പില്‍ ക്ലാര്‍ക്കായി ജോലി ചെയ്യുന്ന ഇയാള്‍ പാര്‍ട്ട്‌ടൈമായാണ് സൂമ്പാ പരിശീലനം നടത്തിയിരുന്നത്. പ്രമുഖര്‍ ഉള്‍പ്പടെയുള്ള നിരവധി സ്ത്രീകള്‍ ഇയാളുടെ കെണിയില്‍പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. പരിശീലനത്തിന് എത്തുന്ന പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം നഗ്നചിത്രങ്ങളെടുത്ത് അശ്ലീലസൈറ്റുകളില്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തും. ഇയാള്‍ക്കെതിരെ ഒരു യുവതി നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. വിവാഹമോചിതനായ സനുവിന് മൂന്ന് കുട്ടികളുണ്ട്. കൂടുതല്‍ പേര്‍ ഇയാളുടെ സംഘത്തിലുണ്ടോയെന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്.