സംസ്ഥാനത്തെ കോവിഡ് പരിശോധനാ രീതി തെറ്റ് ; മാറ്റണമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന
കേരളത്തിലെ നിലവിലെ കോവിഡ് പരിശോധന രീതി തെറ്റാണു എന്നും ഇവ രോഗം വ്യാപിക്കുന്നതില്‍ വിപരീത ഫലം ഉണ്ടാക്കിയേക്കുമെന്ന് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ. സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ നിലവിലെ സമൂഹ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നമ്മുടെ അടിസ്ഥാന സൗകര്യം കൂടെ പരിഗണിക്കുമ്പോള്‍ ഇതിന്റെ പ്രായോഗികതയിലും ശാസ്ത്രീയതയിലും എതിര്‍പ്പുണ്ട്. ആര്‍ടിപിസിആര്‍ ടെസ്റ്റിംഗ് സംവിധാനങ്ങള്‍ക്ക് താങ്ങാവുന്നതിലുമപ്പുറം പരിശോധനകളാണ് ഇപ്പോള്‍ ചെയ്യുന്നത്. പരിശോധന ഫലം വരാന്‍ ദിവസങ്ങള്‍ തന്നെ കാത്തിരിക്കേണ്ടി വരുന്നു. കഴിഞ്ഞ ആഴ്ചയിലെ കൂട്ട പരിശോധനയുടെ ഫലം ഇപ്പാഴും പൂര്‍ണ്ണമായും ലഭ്യമായിട്ടില്ല. ചികിത്സാര്‍ത്ഥം നിര്‍ബന്ധമായും ചെയ്യേണ്ട പരിശോധനയുടെ ഫലം യഥാസമയത്ത് ലഭ്യമാകുന്നില്ല. ഇത് പ്രതികൂലമായി ബാധിക്കുന്നു എന്നും കെജിഎംഒഎ അറിയിച്ചു.
പരിശോധന സാമ്പിള്‍ എടുക്കാനുള്ള മാനവ വിഭവശേഷിയും വകുപ്പില്‍ പരിമിതമാണ്. ഈ വസ്തുതകള്‍ പരിഗണിക്കാതെ വീണ്ടും കൂട്ട പരിശോധന നടത്താനുള്ള തീരുമാനം നമ്മുടെ ആരോഗ്യ സംവിധാനത്തെ പ്രതികൂലമായി ബാധിക്കും. ഈ വസ്തുതകള്‍ കണക്കിലെടുത്ത് പരിശോധന രോഗലക്ഷണമുള്ളവരിലും അവരുടെ സമ്പര്‍ക്കത്തിലുള്ളവരിലേയ്ക്കും നിശ്ചിത ഗ്രൂപ്പിലേയ്ക്കും നിജപ്പെടുത്തണം. മുഴുവന്‍ ജനങ്ങളും രോഗവ്യാപനം തടയുന്ന പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നു എന്ന് കര്‍ശനമായി ഉറപ്പു വരുത്തുകയുമാണ് ഈ പാന്‍ഡമിക്കിന്റെ ഇന്നത്തെ അവസ്ഥയില്‍ നിര്‍ബന്ധമായും ചെയ്യേണ്ടതെന്നും കത്തില്‍ പറയുന്നു.
വീട്ടിലെ ചികിത്സ പ്രോത്സാഹിപ്പിക്കുകയും വീടുകളില്‍ കഴിയാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി ക്വറന്റീന്‍ സെന്റര്‍ പോലുള്ള തുടങ്ങുകയും വേണമെന്നു അവര്‍ ആവശ്യപ്പെടുന്നു. പുതിയ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍, സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ എന്നിവ തുടങ്ങുമ്പോള്‍ അടുത്ത ആറ് മാസത്തേക്കെങ്കിലും താല്‍ക്കാലിക നിയമനം വഴി ഉറപ്പ് വരുത്തണം. ഇവിടത്തെ ശുചീകരണം, ഭക്ഷണ, അടിസ്ഥാന സൗകര്യ ചുമതലകള്‍ തദ്ദേശഭരണ വകുപ്പിനാകണം. എല്ലാം സ്വകാര്യ ആശുപത്രികളുടെയും സേവനം കോവിഡ് ചികിത്സക്ക് പ്രയോജനപ്പെടുത്തണം.
അര്‍ഹതപ്പെട്ടവര്‍ക്ക് കാസ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യ ചികിത്സ ഉറപ്പു വരുത്തണം. സംസ്ഥാനത്ത് ലഭ്യമായ ബെഡുകളുടെ കണക്ക് കൃത്യമായി അറിയുന്നതിനുള്ള കേന്ദ്രീകൃത സംവിധാനം ഒരുക്കുക. കോവിഡ് വാക്‌സിനേഷന്‍ വേഗത്തില്‍ പരമാവധി പേരിലേക്ക് എത്തിക്കണം. വാര്‍ഡ് തല സമിതികള്‍ വഴി ഓരോ വാര്‍ഡിലും വാക്‌സിനര്‍ഹരായവരെ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വാക്‌സിനേഷന്‍ മെഗാക്യാമ്പുള്‍ സംഘടിപ്പിക്കണം.മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റുകള്‍ രൂപീകരിക്കുക. വാക്‌സിനേഷന്‍ സെന്ററുകളുടെ വിവരവും ലഭ്യമായ വാക്‌സിന്റെ കാര്യം ജനങ്ങളെ മാധ്യമങ്ങളിലൂടെ അറിയിക്കുവാനുള്ള സംവിധാനം ഉണ്ടാവണം എന്നും അവര്‍ ആവശ്യപ്പെട്ടു.