പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി ഡി സതീശനൊപ്പം പി ടി തോമസിന്റെ പേരും പരിഗണനയ്ക്ക് ; തലമുറ മാറ്റം വേണമെന്ന് കെ.മുരളീധരന്‍

പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് വി ഡി സതീശന് ഒപ്പം പി ടി തോമസിന്റെ പേരും പരിഗണിക്കുന്നു. വി ഡി സതീശന് എതിരെയുള്ള മുതിര്‍ന്ന നേതാക്കളുടെ സമ്മര്‍ദം ശക്തമായതോടെയാണ് പി ടി തോമസിനെയും പരിഗണിക്കുന്നത്. രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റരുതെന്ന് കമല്‍നാഥും ചിദംബരവും അടക്കമുള്ള ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു. ഇന്നലെ രാത്രിയോടെ ആണ് ഹൈക്കമാന്‍ഡ് നിയോഗിച്ച സംഘം കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് റിപ്പോര്‍ട്ട് കൈമാറിയത്. റിപ്പോര്‍ട്ടില്‍ കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ വി ഡി സതീശനും മുതിര്‍ന്ന നേതാക്കളുടെ പിന്തുണ രമേശ് ചെന്നിത്തലയ്ക്കും ആണെന്ന് വ്യക്തമാക്കി. പൊതുവില്‍ നേതൃത്വം പൂര്‍ണമായും മാറുമെന്ന താത്പര്യം ബോധ്യപ്പെട്ടതായാണ് നിരീക്ഷകരുടെ അഭിപ്രായം.

കമല്‍നാഥ്, പി ചിദംബരം, അംബികാ സോണി, ഹരീഷ് റാവത്ത് മുതലായവര്‍ ചെന്നിത്തലയെ മാറ്റുന്നത് ഉചിതമാകില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷയെ അറിയിച്ചു. രമേശിന്റെയും സതീശന്റെയും പേരില്‍ തര്‍ക്കം രൂക്ഷമായതോടെ ആണ് പി ടി തോമസിന്റെ പേര് സമവായമായി പരിഗണനയ്ക്ക് എത്തിയത്. ജനകീയ സമരങ്ങളിലെ സജീവ സാന്നിധ്യം എന്നതും അനുകൂല ഘടകമായി. പ്രതിപക്ഷ നേതാവുമായി ബന്ധപ്പെട്ട വിഷയത്തില്‍ യുവ നേതൃത്വം വേണം എന്നാണ് രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം. ആശയ വിനിമയം പുരോഗമിക്കുകയാണെന്നും രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപനം ഉണ്ടാകും എന്നും എഐസിസി വക്താക്കള്‍ അറിയിച്ചു.

അതേസമയം കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണമെന്നും താന്‍ മാറിത്തരാന്‍ തയ്യാറാണെന്നും കെ മുരളീധരന്‍. പ്രതിപക്ഷ നേതാവ് ആരെന്ന് എം.എല്‍എമാര്‍ അഭിപ്രായം പറയുമെന്നും സംഘടന തലത്തില്‍ മൊത്തം അഴിച്ചു പണി വേണമെന്നും കെ.മുരളീധരന്‍ പറഞ്ഞു. തോല്‍വിക്ക് കാരണം പാര്‍ട്ടിക്ക് അടിത്തറ ഇല്ലാതായതാണ്. ഹൈക്കമാന്‍ഡ് നന്നായി നയിച്ചു. പക്ഷെ അത് വോട്ടാക്കി മാറ്റാന്‍ ഇവിടെ കഴിഞ്ഞില്ല. സ്ഥാനമാനങ്ങള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതം വെക്കുന്നത് ശരിയല്ല. തനിക്ക് ഒരു ചുമതലയും വേണ്ട. ഇക്കാര്യം നേതൃത്ത്വത്തോട് അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഇത്രയും വൈകിയത് എന്തുകൊണ്ടെന്നും കോണ്‍ഗ്രസ്സിനെ കുറ്റപ്പെടുത്തുന്നവര്‍ ചിന്തിക്കണം. കോവിഡ് കാരണമാണ് പ്രതിപക്ഷം സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്. കോണ്‍ഗ്രസ് മുക്തമാക്കാന്‍ മോദി വിചാരിച്ചാല്‍ നടക്കില്ല. പിന്നെല്ലേ പിണറായിയെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന്റെ ഭാഗത്ത് തെറ്റ് കണ്ടാല്‍ പ്രതികരിക്കുമെന്നും പുതിയ മന്ത്രിസഭയില്‍ ആരേയും മോശക്കാരായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.