ബേക്കറിയില്‍ കഞ്ചാവ് ഉപയോഗിച്ച് കേക്കുണ്ടാക്കല്‍ ; ഒരാള്‍ കൂടി അറസ്റ്റില്‍
മുംബൈ : ബേക്കറിയില്‍ കഞ്ചാവ് ഉപയോഗിച്ച് കേക്കുണ്ടാക്കി വില്‍പന നടത്തിയ ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ പരിശോധനയില്‍ മലദ് പ്രദേശത്തു നിന്നുമാണ് ഒരു കോളേജ് വിദ്യാര്‍ത്ഥി പിടിയിലായത്. ഇയാളുടെ കയ്യില്‍ നിന്നും മയക്ക് മരുന്ന് പിടിച്ചെടുത്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. മയക്കുമരുന്ന് ലഹരിവസ്തുക്കള്‍ കലര്‍ത്തിയ കേക്കുകള്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് സിറ്റി ബേക്കറിയില്‍ മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോ ജൂണ്‍ 12 ന് റെയ്ഡ് നടത്തുകയും ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇവരുടെ കയ്യില്‍ നിന്നും 160 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ബേക്കറിയില്‍ നിന്ന് ഭക്ഷണരൂപത്തില്‍ കഞ്ചാവ് പിടികൂടുന്ന രാജ്യത്തെ ആദ്യ സംഭവമാണിതെന്നാണ് എന്‍സിബി ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം, മറ്റൊരു കേസില്‍ കൊക്കെയ്ന്‍ വിലപ്ന നടത്തിയതിന് 35 കാരനായ ഓട്ടോറിക്ഷ ഡ്രൈവര്‍ പിടിയിലായി. ഇയാളുടെ പക്കല്‍ നിന്നും മൂന്ന് ലക്ഷം രൂപയുടെ കൊക്കെയ്ന്‍ പിടിച്ചെടുത്തു.








