ആവിഷ്‌കാരസ്വാതന്ത്ര്യവും അതിര്‍വരമ്പുകളും
സി.വി എബ്രഹാം
സൃഷ്ടി കര്‍മ്മത്തിനു മുന്‍പേ സൃഷ്ടാവിനു പ്രസിദ്ധിയും സൃഷ്ടിക്കു സ്വീകാര്യതയും തല്‍ഫലമായി പരസ്യത്തിനു വേണ്ടി മുടക്കേണ്ടി വരുന്ന ഭീമമായ തുക ലാഭിക്കുവാനുള്ള കുറുക്കു വഴിയുമാണ് എന്തെങ്കിലും വിവാദ പരാമര്‍ശങ്ങളിലൂടെ സൃഷ്ടിയെ പൊതുജന മധ്യത്തില്‍ ചര്‍ച്ച ചെയ്യാന്‍ ഇട്ടുകൊടുക്കുന്നതിലൂടെ സൃഷ്ടാവ് ലക്ഷ്യം വയ്ക്കുന്നത്. പലരും ഈ ദുരുദ്ദേശം മുന്നില്‍ കണ്ടുകൊണ്ടു തന്നെ പൊതുജനങ്ങള്‍ക്ക് സംവാദിക്കുവാന്‍ ഉള്ള എന്തെങ്കിലും ഇട്ടുകൊടുത്ത് തങ്ങളുടെ കലാസൃഷ്ടികള്‍ അടുത്തറിയുവാനുള്ള ജിജ്ഞാസ വളര്‍ത്തി ജനസമ്മിതി നേടാന്‍ ശ്രമിക്കാറുണ്ട്.
ഉള്ളടക്കം എന്തായിരുന്നാലും സൃഷ്ടാവ് ആഗ്രഹിച്ച പ്രസിദ്ധിയും ധനലാഭവും നേടിയെടുക്കുവാനുള്ള കുറുക്കുവഴിയായി, ആരാധാനാ മൂര്‍ത്തികളും വിവിധ ദൈവ സങ്കല്പങ്ങളും ബോധപൂര്‍വം ചര്‍ച്ചാവിഷയമാക്കുമ്പോള്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെയും, ഒരു കരണത്തടിച്ചാല്‍ മറ്റേ കരണവും കാട്ടിക്കൊടുക്കാന്‍ പഠിപ്പിച്ച യേശുദേവന്റെ ഉപദേശങ്ങള്‍ പിന്തുടരുന്ന ക്രിസ്തു മത വിശ്വാസികളുടെയും സഹിഷ്ണതയെ ദുരുപയോഗം ചെയ്യുകയാണ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറ പിടിച്ചുകൊണ്ട് സാംസ്‌കാരിക നായകരാകാന്‍ പഠിക്കുന്ന സൃഷ്ടാക്കള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
സംസ്‌കാരമുള്ളവര്‍ എഴുത്തുകാരും നിര്‍മാതാക്കളുമൊക്കെയാവുമ്പോള്‍ അവര്‍ സാംസ്‌കാരിക നായകന്മാരായി അംഗീകാരം നേടിയേക്കാം; എന്നാല്‍ ഒരു പുസ്തകമെഴുതിയതുകൊണ്ടോ സിനിമാ ഡയറക്ട് ചെയ്തതുകൊണ്ടോ സംസ്‌കാരമില്ലാത്തവന് ഒരിക്കലും അങ്ങനെയൊരു പദവി ചാര്‍ത്തിക്കിട്ടില്ല. അവാര്‍ഡ് ജേതാവായ S. ഹരീഷിന്റെ മീശയിലെ വിവാദ പരാമര്‍ശങ്ങള്‍ ഹിന്ദുക്കളുടെ അമ്പല സന്ദര്‍ശനം മാത്രമല്ല എല്ലാ മത വിഭാഗത്തില്‍പ്പെട്ട ചെറുപ്പക്കാരുടെയും ആരാധനാലയ സന്ദര്‍ശനത്തിന്റെ ഗൂഢ ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു.
മാട്രിമോണിയല്‍ കോളങ്ങള്‍ പരിചിതമല്ലാതിരിടുന്ന കാലത്ത് പള്ളിയും അമ്പലങ്ങളുമൊക്കെയാണ് ഹൃദയങ്ങളെ കോര്‍ത്തിണക്കുവാനുള്ള അവസരമൊരുക്കിയിരുന്നത്. `മീശയിലെ` വിവാദ പരാമര്‍ശങ്ങള്‍ ചര്‍ച്ചാ വിഷയമാക്കുക വഴി എന്തോ നിഗൂഢതകള്‍ ആ നോവലില്‍ ഒളിഞ്ഞിരിക്കുന്നുവെന്ന തോന്നല്‍ സാധാരണ വായനക്കാരിലുണ്ടാക്കിയെടുക്കുകയും കൂടുതല്‍ ആളുകള്‍ അത് വായിക്കാന്‍ ഇടയാവുകയും ചെയ്തു.
(ആസ്വാദന `വരം` ഇല്ലാതിരുന്നതു കൊണ്ട് നോവല്‍ മുഴുവനായി വായിക്കുവാന്‍ ഈയുള്ളവന് ക്ഷമയുണ്ടായില്ല)
`കേശു`വിനെ നായകനാക്കുന്നതോ യേശു എന്ന പേരില്‍ ഒരു സിനിമാ ഇറക്കുന്നതോ ഒന്നും ഒരു ക്രിസ്ത്യാനിയുടെയും മതവികാരത്തെ വൃണപ്പെടുത്തില്ലായിരുന്നു; എന്നാല്‍ ബൈബിളില്‍ നിന്നല്ലാത്ത ഒരു `യേശു` വിന്റെ പേരു കൊടുത്തുകൊണ്ട് വെറുതെ അങ്ങു ഷൈന്‍ ചെയ്യാനും മുതലെടുപ്പ് നടത്തുവാനുമുള്ള നാദിര്‍ഷായുടെ ഉദ്ദേശശുദ്ധി നിഷ്‌കളങ്കമല്ല.
സിനിമാക്കാരുടെ പ്രസ്ഥാനമായ ഫെഫ്കായുടെ പിന്തുണ നാദിര്ഷായ്ക്കു നല്‍കിയെന്ന് കാണുന്നു. ഇവിടെയാണ് മറ്റൊരു ചോദ്യം പ്രസക്തമാവുന്നത്; `ഖുര്‍ ആന്‍` നിലില്ലാത്ത ഒരു മുഹമ്മദിന്റെ പേരു പരാമര്‍ശിച്ചു കൊണ്ട് ഇസ്ലാം നാമധാരിയായ നാദിര്‍ഷാ ഒരു സിനിമാ സംവിധാനം ചെയ്യുവാനുള്ള ആര്‍ജവം കാണിക്കുമോ??!
ആവിഷ്‌കാരസ്വാതന്ത്ര്യമെന്നല്ല എന്തു തരം സ്വാതന്ത്ര്യമായാലും മറ്റുള്ളവരുടെ മതവികാരങ്ങളെയും സ്വകാര്യതയെയും മാനിച്ചുകൊണ്ടുള്ളതാവണമെന്നാണ് ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നത്. ഏതെങ്കിലും വിഭാഗത്തിന്റെ വിശാല മനസ്‌കതയും സഹിഷ്ണുതയും അവരുടെ ബലഹീനതയായി കരുതുന്നെങ്കില്‍ ആവിഷ്‌കാര സ്വാതന്ത്ര്യവക്താക്കള്‍ക്കു തെറ്റു പറ്റിയിരിക്കുന്നു. നിങ്ങളുടെ കപട മുഖംമൂടികള്‍ വലിച്ചു കീറപ്പെടും.
പാശ്ചാത്യ രാജ്യങ്ങളില്‍ നിലവിലുള്ള ആവിഷ്‌കാര സ്വാതന്ത്ര്യമാണ് നിങ്ങള്‍ മാതൃകയാക്കുന്നതെങ്കില്‍ അവിടങ്ങളില്‍ എങ്ങിനെയെന്ന് ആദ്യം പഠിക്കുക. ദൈവ സങ്കല്പം തന്നെ യുക്തിരഹിതമെന്നു സമര്‍ത്ഥിക്കുന്ന പുരോഗമന വാദികള്‍, മതത്തിനും ദൈവത്തിനും അടിമകളായിപ്പോയ ജനസമൂഹത്തെ ബോധവത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി യേശുവിനെയും പ്രവാചകനെയും, മുഹമ്മദിനെയും തുടങ്ങി സകല ദൈവങ്ങളെയും കാര്‍ട്ടുണുകളിലൂടെയും ലേഖനങ്ങളിലൂടെയുമെല്ലാം തുറന്നു കാട്ടുന്നു. അവരുടെ നിശിത വിമര്‍ശനങ്ങളില്‍ നിന്നും ഒരു ദൈവവും ഒഴിവാക്കപ്പെടുന്നില്ല. ദൈവങ്ങളില്ലാത്ത ആ നാടുകളിലെ മനുഷ്യരാണ് ഈ ലോകത്ത് ഏറ്റവുമധികം സന്തോഷത്തോടെ ജീവിക്കുന്നതെന്ന കണ്ടെത്തല്‍ അവിടങ്ങളിലെ പുരോഗമന വാദികളുടെ ഉദ്യമങ്ങള്‍ ഫലവത്താകുന്നു എന്ന്, നമുക്കു കാട്ടിത്തരുന്നു.
മതവിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണനകള്‍ അനുവദിച്ചിട്ടില്ലാത്തതും അവരുടെ പൊള്ളത്തരങ്ങള്‍ തുറന്നു കാട്ടുന്ന പുരോഗമനവാദികളുടെ വിമര്‍ശനാത്മക സമീപനത്തെ പ്രോത്സാഹിപ്പിക്കുന്നതും വിമര്‍ശകരെ മത തീവ്ര വാദികളില്‍ നിന്നും സംരക്ഷിക്കുന്നതും പൊതുവായി അംഗീകരിക്കപ്പെട്ട നയമായതിനാല്‍ ആര്‍ക്കും ഏതു ദൈവങ്ങളെയും ധൈര്യമായി അധിക്ഷേപിക്കാം.
സാംസ്‌കാരികമായി വളര്‍ച്ചപ്രാപിച്ചിട്ടില്ലാത്ത പൊട്ടക്കിണറ്റിലെ തവളകള്‍, സ്വന്തം ലാഭേച്ഛ മുന്‍ നിറുത്തിയുള്ള ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന ആഭാസത്തരത്തിനു വിരാമമിടുകയാവും ഇന്നത്തെ സാഹചര്യത്തില്‍ ഇന്ത്യന്‍ സമൂഹത്തിന് അഭികാമ്യം.