ഈശോ സിനിമാ വിവാദം ; തെറ്റ് പറ്റി എന്ന് പി സി ജോര്‍ജ്ജ്

ഈശോ സിനിമാ വിവാദത്തില്‍ തെറ്റ് പറ്റി എന്ന് പി സി ജോര്‍ജ്ജ്. നാദിര്‍ഷ സംവിധാനം ചെയ്ത ജയസൂര്യ ചിത്രം ഈശോയെ കുറിച്ച് താന്‍ നേരത്തെ പറഞ്ഞതില്‍ തെറ്റ് പറ്റി എന്നാണ് ഇപ്പോള്‍ പിസി ജോര്‍ജ് പറയുന്നത്. ഈശോ എന്ന പേരില്‍ സിനിമ പുറത്തിറങ്ങിയാല്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് നേരത്തെ പിസി ജോര്‍ജ് പറഞ്ഞത്. ആ നിലപാടില്‍ മാറ്റം വരുത്തിയിരിക്കുകയാണ് മുന്‍ പൂഞ്ഞാര്‍ എംഎല്‍എ. ഈശോ എന്ന ചിത്രത്തില്‍ ആദ്യം മുതല്‍ ഏറെ തര്‍ക്കം ഉള്ള ആളായിരുന്നു ഞാന്‍. ഈശോ എന്നത് ഒരു വ്യക്തിയുടെ പേരാണ്. എനിക്ക് തെറ്റ് പറ്റിയത് അവിടെയാണ്. ക്രൈസ്റ്റ് എന്നാണ് പറഞ്ഞിരുന്നതെങ്കില്‍ ഞാന്‍ പറഞ്ഞതിനകത്ത് കാര്യമുണ്ടായിരുന്നേനെ. നോട്ട് ഫ്രം ബൈബിള്‍ എന്ന് കണ്ടപ്പോഴാണ് പ്രതികരിച്ചത്. പക്ഷേ നാദിര്‍ഷ പറഞ്ഞത് സിനിമ കണ്ടിട്ട് തീരുമാനം പറയാനായിരുന്നു. ഇന്ന് സിനിമ കണ്ടപ്പോള്‍ അന്ന് നാദിര്‍ഷ പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്ന് മനസ്സിലായെന്നും പിസി ജോര്‍ജ് പറഞ്ഞു.

ഇന്നത്തെ തലമുറയിലെ മതാപിതാക്കള്‍ കണ്ടിരിക്കേണ്ട ചിത്രമാണിത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സിനിമയ്ക്ക് വേണ്ടി ആത്മാര്‍ത്ഥമായി തന്നെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്നത്തെ കാലത്തെ പ്രശ്നങ്ങള്‍ വളരെ വ്യക്തമായി തന്നെ ചിത്രത്തില്‍ പറയുന്നുണ്ട്. ചില കുശുമ്പന്മാര്‍ ആണ് എന്നോട് സിനിമയെ കുറിച്ച് മോശമായി പറഞ്ഞതെന്നും പിസി ജോര്‍ജ് പറഞ്ഞു. ചിത്രത്തെ കുറിച്ച് പിസി ജോര്‍ജ് അഭിപ്രായം പറയുന്ന വീഡിയോ സംവിധായകന്‍ നാദിര്‍ഷ പങ്കുവെച്ചു. ‘സത്യം മനസ്സിലായപ്പോള്‍ അത് തിരുത്തുവാനുള്ള അങ്ങയുടെ വലിയ മനസ്സിന് ഒരുപാട് നന്ദി’ എന്ന് പറഞ്ഞുകൊണ്ടാണ് നാദിര്‍ഷ വീഡിയോ പങ്കുവെച്ചത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണാണ് ചിത്രം നിര്‍മിക്കുന്നത്. സുനീഷ് വാരനാടാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജാഫര്‍ ഇടുക്കി, നമിത പ്രമോദ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഏറെ വിവാദങ്ങളാണ് ‘ഈശോ’ എന്ന സിനിമയെ ചുറ്റിപ്പറ്റി ഉണ്ടായത്. ഈശോ എന്ന പേര് മാറ്റണം എന്ന ആരോപണവുമായി ചില ക്രിസ്തീയ സംഘടനകള്‍ എത്തിയിരുന്നു.