എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് തെളിവുകള്‍ കൈമാറും : പി സി ജോര്‍ജ്

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ശക്തമായ അഴിമതി ആരോപണവുമായി മുന്‍ പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജ്ജ്. 2016 – ല്‍ ശ്രീ.പിണറായി വിജയന്‍ അധികാരത്തില്‍ വന്നതിനുശേഷം ഐ.റ്റി. വകുപ്പിലും അനുബന്ധ ധനകാര്യ മേഖലകളിലും കോടാനുകോടികളുടെ അഴിമതിയാണ് നടന്നിട്ടുള്ളത് എന്ന് പി സി ആരോപിക്കുന്നു. ഇതില്‍ ഐ.റ്റി. വകുപ്പ് സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍,വിവാദ അമേരിക്കന്‍ വ്യവസായി ഫാരിസ് അബൂബക്കര്‍, എക്‌സാലോജിക്ക് സൊല്യൂഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ വീണ വിജയന്‍ എന്നിവര്‍ക്ക് നിര്‍ണായക പങ്കാണുള്ളത്.ഇത് സംബന്ധമായ തെളിവുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) കൈമാറുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ പി സി പറഞ്ഞു.

പി സി ജോര്‍ജ്ജ് പ്രധാനമായും എടുത്തു കാണിക്കുന്ന രണ്ട് ഇടപാടുകള്‍…

1.അമേരിക്കന്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ടോറസുമായി ചേര്‍ന്ന് ടെക്‌നോപാര്‍ക്കില്‍ നടപ്പിലാക്കുന്ന ഡൗണ്‍ ടൗണ്‍ പ്രോജക്റ്റിലെ അഴിമതി

2. കിഫ്ബിക്കുവേണ്ടി പണം സ്വരൂപിക്കുന്നതിനായി ഇറക്കിയിട്ടുള്ള മസാല ബോണ്ടിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട അഴിമതി

ഇതുകൂടാതെ ടെക്‌നോപാര്‍ക്കില്‍ ബ്രിഗേഡ് ഗ്രൂപ്പ്, ചെന്നൈയ്ക്ക് (പന്ത്രണ്ടേക്കര്‍ ഭൂമിയില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ സ്ഥാപിക്കുന്നതിന് ) ഉള്‍പ്പടെ വിവിധ കമ്പനികള്‍ക്ക് സ്ഥലം അനുവദിച്ചതില്‍ അന്ന് ഐ.റ്റി.സെക്രട്ടറിയായിരുന്ന ശിവശങ്കറിനും,ഫാരിസ് അബൂബക്കറിനും,വീണ വിജയനുമുള്ള പങ്ക് അതി നിര്‍ണ്ണായകമാണ്..

1.ടോറസ് ഭൂമി ഇടപാട് (ഡൗണ്‍ ടൗണ്‍ പ്രോജക്ട്)

2014- ല്‍ ശ്രീ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ടെക്‌നോപാര്‍ക്കിന്റെ മൂന്നാംഘട്ട വികസനത്തിന്റെ ഭാഗമായി അമേരിക്കന്‍ കമ്പനിയായ ടോറസ് ഇന്‍വെസ്റ്റ്‌മെന്റ് എല്‍.എല്‍.സി-യുമായി ചേര്‍ന്ന് ടെക്‌നോപാര്‍ക്ക് ഡൗണ്‍ ടൗണ്‍ എന്ന പേരില്‍ ഒരു പദ്ധതി വിഭാവനം ചെയ്യുന്നത്. 10/10/2014 -ലെ GO.MS/26/2014/ITD – ഉത്തരവ് പ്രകാരം 90 വര്‍ഷക്കാലത്തേക്ക് 19.73 ഏക്കര്‍ ഭൂമി ടോറസ് കമ്പനിക്ക് പാട്ടത്തിന് നല്‍കി. 55 ലക്ഷം സ്‌ക്വയര്‍ഫീറ്റ് കെട്ടിടം നിര്‍മ്മിക്കുന്നതിനും അതില്‍ 33 ലക്ഷം സ്‌ക്വയര്‍ ഫീറ്റ് ഐ.റ്റി അനുബന്ധ സ്ഥാപനങ്ങള്‍ക്കും ബാക്കി 22 ലക്ഷം സ്‌ക്വയര്‍ഫീറ്റില്‍ ഹോട്ടല്‍ സമുച്ചയം, പാര്‍പ്പിട സമുച്ചയം, മറ്റ് കൊമേഴ്‌സ്യല്‍ ആവശ്യങ്ങള്‍ക്കുമായിട്ടാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്.

എന്നാല്‍ 2015 സെപ്റ്റംബര്‍ 29 ന് ഈ പദ്ധതിയില്‍ വലിയ നിഗൂഢതകള്‍ ഉണ്ടെന്നും ഇതിന്റെ കരാറും അനുബന്ധ രേഖകളും പ്രസിദ്ധീകരിക്കണം എന്നും അന്നത്തെ പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ശ്രീ.വിഎസ് അച്യുതാനന്ദന്‍ നിയമസഭയില്‍ ആവശ്യപ്പെടുകയും മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പിന്നീട് ഈ പദ്ധതിയ്‌ക്കോ, പദ്ധതിയുമായി ബന്ധപ്പെട്ട നടപടികള്‍ക്കോ പിണറായി അധികാരത്തില്‍ വരുന്നതുവരെ യാതൊരു അനക്കവും ഉണ്ടായില്ല.

2016-ല്‍ പിണറായി വിജയന്‍ അധികാരത്തില്‍ എത്തുന്നു. 26/12/2017- ല്‍ വയലും തണ്ണീര്‍ തടവും ആയിരുന്ന ടോറസ് കമ്പനിക്ക് അനുവദിച്ച 19.73 ഏക്കര്‍ ഭൂമി ലാന്‍ഡ് കണ്‍വെര്‍ഷനുവേണ്ടി ടെക്‌നോപാര്‍ക്ക് സിഇഒ കൃഷി ഓഫീസര്‍ക്ക് കത്ത് നല്‍കുന്നു. വെറും 8 ദിവസത്തിനപ്പുറം ലോക്കല്‍ ലെവല്‍ മോണിറ്ററിംഗ് കമ്മിറ്റി (LLMC) സ്ഥലം സന്ദര്‍ശിക്കുന്നു.ആ ഭൂമി വെറ്റ് ലാന്‍ഡ് ആണെന്ന് സ്ഥിതീകരിക്കുന്നു. അതിന്റെ തൊട്ടടുത്തദിവസം 5/1/2018 – ല്‍ ലോക്കല്‍ ലെവല്‍ മോണിറ്ററിങ് കമ്മിറ്റിയുടെ തീരുമാനം സ്റ്റേറ്റ് ലെവല്‍ മോണിറ്ററിങ് കമ്മിറ്റി (SLMC ) ശരിവെക്കുന്നു.

അതേ മാസം തന്നെ പതിനാറാം തീയതി അ ന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന പോള്‍ ആന്റണി ഐ.എ.എസ്. ഈ ഭൂമി ടോറസ് കമ്പനിയ്ക്ക് നല്‍കുന്നതിനായി റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വെറും രണ്ടുദിവസത്തിനകം റിപ്പോര്‍ട്ട് തയ്യാറാക്കി 18/1/2018-ല്‍ ജില്ലാ കളക്ടര്‍ കെ. വാസുകി ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ചു. അതേ മാസം മുപ്പതാം തീയതി ടോറസ് കമ്പനിക്ക് ലാന്‍ഡ് കണ്‍വേര്‍ഷന്‍ നടത്തി സ്ഥലംവിട്ടു നല്‍കുന്നതിനായി തീരുമാനം എടുത്തു. അതോടൊപ്പം തന്നെ 2.5 ഏക്കര്‍ ഭൂമി കൂടി അധികമായി നല്‍കി. അങ്ങനെ ആകെ 21.98 ഏക്കര്‍ .ഇതില്‍ 10.5 ഏക്കര്‍ തണ്ണീര്‍തടവും,2.5 ഏക്കര്‍ കുളവും ഉള്‍പ്പടെയാണ് എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി ടോറസ് കമ്പനിക്ക് കൈമാറാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്തു നല്‍കിയത് .

ഈ വസ്തുവിനെ സംബന്ധിച്ച് 2017 ഡിസംബര്‍ മാസം 26-ആം തീയതി സര്‍ക്കാര്‍ തുടങ്ങിയ നടപടികള്‍ ഭൂമി കണ്‍വേര്‍ഷന്‍ ഉള്‍പ്പെടെ കൃത്യം 35 ദിവസം കൊണ്ട് പൂര്‍ത്തീകരിച്ച് ആ കമ്പനിക്ക് കൈമാറി..

ഒരു സാധാരണക്കാരനോ, ഒരു വ്യവസായ സംരംഭകനോ അഞ്ച് വര്‍ഷം മെനക്കെട്ട് പുറകെ നടന്നാല്‍ നടക്കില്ലാത്ത കാര്യമാണ് കൃത്യം 35 ദിവസം കൊണ്ട് പിണറായി സര്‍ക്കാര്‍ പൂര്‍ത്തിയാക്കി നല്‍കിയത്. ഇതിന്റെ പിന്നില്‍ ടോറസ് കമ്പനിയെ ഇവിടെ എത്തിച്ച അമേരിക്കന്‍ വ്യവസായി ഫാരിസ് അബൂബക്കറിന് നിര്‍ണായക പങ്കുണ്ട്. ഇത് സംബന്ധിച്ച അഴിമതിയുടെയും കൈക്കൂലികളുടെയും വിശദാംശങ്ങള്‍ വെളിവാകണമെങ്കില്‍ മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്ക് കമ്പനിയുടെ അക്കൗണ്ടുകള്‍ പരിശോധിക്കണം.

ടോറസ് കമ്പനിയും മറ്റ് മൂന്ന് കമ്പനികളും ചേര്‍ന്ന കണ്‍സോര്‍ഷ്യമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.Winter fell reality pvt. Ltd, Dorner Reality Pvt. Ltd, Dragon Reality Pvt. Ltd എന്നിവയാണ് ആ കമ്പനികള്‍. ഈ കമ്പനികളുടെ ഇന്‍ കോര്‍പ്പറേഷന്‍ അഡ്രസ് പരിശോധിച്ചപ്പോള്‍ ഇത് മൂന്നും പേപ്പര്‍,ബിനാമി കമ്പനികള്‍ ആണെന്നാണ് ബോധ്യപ്പെട്ടിട്ടുള്ളത്. അതില്‍ 2015-ല്‍ രൂപീകരിച്ച Winter Fell Reality Pvt. Ltd എന്ന കമ്പനി ആയിരം കോടിയിലധികം രൂപയാണ് വായ്പ്പയായി കൈപ്പറ്റിയിരിക്കുന്നത്. പ്രത്യേകിച്ച് പ്രവര്‍ത്തനം ഒന്നുമില്ലാത്ത കമ്പനിക്ക് എവിടുന്നാണ് ആയിരം കോടിയുടെ ബാങ്ക് വായ്പ ലഭ്യമായത് എന്നും അതെങ്ങനെ ലഭ്യമായെന്നും അന്വേഷണം നടത്തേണ്ടതാണ്.

അജയ പ്രസാദ്, Erik Reinier Rijan Bout എന്നീ വ്യക്തികള്‍ ഈ മൂന്ന് കമ്പനികളുടെയും ഡയറക്ടര്‍മാരാണ്. അജയ് പ്രസാദ് എന്ന വ്യക്തിക്ക് മേല്‍പ്പറഞ്ഞ ആരോപണ വിധേയരായ വ്യക്തികളുമായി എന്താണ് ബന്ധം എന്ന് അന്വേഷണ വിധേയമാക്കേണ്ടതാണ്.

Erik Reinier Rijan Bout എന്ന വ്യക്തിയെ സംബന്ധിച്ച വിശദമായ അന്വേഷണം നടത്തേണ്ടതാണ്. അദ്ദേഹം പാര്‍ട്ണര്‍ ആയിട്ടുള്ള മേല്‍പ്പറഞ്ഞ മൂന്ന് കമ്പനികളെ കൂടാതെ Pyke Reality Pvt Ltd, Bravos Reality Pvt Ltd എന്നീ കമ്പനികളെ കുറിച്ചും അതിന്റെ സാമ്പത്തിക ഇടപാട് സംബന്ധിച്ചും അന്വേഷണം നടത്തേണ്ടതുണ്ട്.

അതോടൊപ്പം എടുത്തുപറയേണ്ട കാര്യം Winter Fell Reality Pvt Ltd എന്ന കമ്പനിയുടെ 51% ഷെയറും കൈവശം വെച്ചിരിക്കുന്നത് ടോറസ് ട്രാവന്‍കൂര്‍ ഹോള്‍ഡിങ്‌സ്-2 എന്ന കമ്പനിയാണ്. ഇത് മൗറീഷ്യസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കമ്പനിയാണ്. മൗറിഷ്യസില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കമ്പനികളില്‍ നല്ലൊരു ശതമാനവും ബിനാമി കമ്പനികള്‍ ആണെന്നുള്ളത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തിയാല്‍ മുഖ്യമന്ത്രിയും, അദ്ദേഹത്തോട് ചേര്‍ന്ന് നില്‍ക്കുന്ന മേല്‍പ്പറഞ്ഞ വ്യക്തികളുമായുള്ള ബന്ധം ബോധ്യപ്പെടും. അതിന് ഏറ്റവും അത്യാവശ്യമായി വീണ വിജയന്റെ എക്‌സാലോജിക് കമ്പനിയുടെ അക്കൗണ്ടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) പരിശോധിക്കുക എന്നുള്ളതാണ്.

അതുപോലെതന്നെ ചെന്നൈ ആസ്ഥാനമായിട്ടുള്ള ബ്രിഗേഡ് ഗ്രൂപ്പിന് വേള്‍ഡ് ട്രേഡ് സെന്റര്‍ നിര്‍മ്മിക്കുന്നതിന് പന്ത്രണ്ടേക്കര്‍ വസ്തുവാണ് പിണറായി സര്‍ക്കാര്‍ നല്‍കിയത്. അന്ന് ഇതിനു നേതൃത്വം കൊടുത്തതും ഇടനില നി ന്നതും ടെക്‌നോപാര്‍ക്ക് സിഇഒ ആയിരുന്ന ഋഷികേഷ് നായരാണ്. ഇന്ന് അദ്ദേഹം ചെന്നൈ ആസ്ഥാനം ആയിട്ടുള്ള ഇതേ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ജോലി ചെയ്യുന്നു. ഈ നിയമനം ഉദിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണയാണ്. ഈ ഭൂമി ഇടപാട് സംബന്ധിച്ച് സമഗ്രമായ അന്വേഷണം ആവശ്യമാണ്.

അതുപോലെതന്നെ കഴിഞ്ഞ ആറുവര്‍ഷത്തിനുള്ളില്‍ മുഖ്യമന്ത്രി നടത്തിയ പ്രകടമായ അഴിമതികളില്‍ ഒന്നാണ് കിഫ്ബി ധനസഹായത്തിനായി ഇറക്കിയിട്ടുള്ള മസാല ബോണ്ടുകളുടെ വിപണനവുമായി ബന്ധപ്പെട്ട അഴിമതികള്‍. മസാല ബോണ്ടുകള്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലാണ് വിപണനം നടത്തുന്നത്.ഡച്ച് ബാങ്കിനാണ് ഇതിന്റെ ചുമതല എങ്കിലും ഇതിന്റെ ഇടപാടുകളെ നിയന്ത്രിക്കുന്നത് അബുദാബി ഫ്രീ സോണില്‍ പ്രവര്‍ത്തിക്കുന്ന ഒരു കണ്‍സോളിഡേറ്റഡ് ബാങ്കാണ്, NDUC എന്നാണ് ഇതിന് പറയപ്പെടുന്നത്. ഇതൊരു പ്രൈവറ്റ് സ്ഥാപനമാണ് . മസാല ബോണ്ടിന്റെ വിപണനവുമായി ബന്ധപ്പെട്ട ഹാന്‍ഡിലിങ് ചാര്‍ജും,കമ്മീഷനും ഈ സ്ഥാപനം കൈപ്പറ്റുന്നുണ്ട്.ഈ സ്ഥാപനത്തെ സംബന്ധിച്ചും ഈ സ്ഥാപനത്തിന്റെ ഷെയര്‍ ഹോള്‍ഡേഴ്‌സിനെ സംബന്ധിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്നു .

മുഖ്യമന്ത്രി ആരോപണ വിധേയനായ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് ഇതുവരെ അന്വേഷിച്ചത് മലയാളിയായ ഒരു ഉദ്യോഗസ്ഥനാണ്. മുഖ്യമന്ത്രിക്കെതിരെ ആ സംസ്ഥാനത്തിലെ തന്നെ ഉദ്യോഗസ്ഥന്‍ അന്വേഷിച്ചാല്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദത്തെ സംബന്ധിച്ച് ഇ.ഡി ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ആയതിന്റെ അടിസ്ഥാനത്തിലോ, അല്ലാതെയോ ആ ഉദ്യോഗസ്ഥനെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റിയിരിക്കുകയാണ്.. അതോടൊപ്പം ബാംഗ്ലൂരിലേക്ക് കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതില്‍ തീരുമാനം ഉണ്ടായി കേസ് ബാംഗ്ലൂരിലേക്ക് മാറ്റിയാല്‍ ഞാന്‍ ഉന്നയിച്ച ആരോപണങ്ങളുടെ കൂടുതല്‍ തെളിവുകള്‍ ഇ.ഡിയ്ക്ക് കൈമാറും.