കേരളത്തിന് എയിംസ് നഷ്ടപ്പെടുത്തരുത് : പി സി ജോര്‍ജ്

കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്(AIIMS) സ്ഥാപിക്കുവാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി 2014-ല്‍ കേരളത്തിനും നല്‍കുമെന്ന് പ്രഖ്യാപിച്ചു. ഇതിനായി യാത്രാസൗകര്യങ്ങളടക്കം അടിസ്ഥാന സൗകര്യങ്ങളുള്ള 200 ഏക്കര്‍ സ്ഥലം ഉള്‍പ്പെടെ ലഭ്യമായ മൂന്നോ,നാലോ സ്ഥലങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു (Attachment 1- RTI Replay from Under Secretary Govt. Of India). അതിന്‍ പ്രകാരം 2014-ല്‍ ബഹുമാനപ്പെട്ട ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തിരുവനന്തപുരത്തെ ഓപ്പണ്‍ ജയില്‍ വളപ്പ്,കോട്ടയം മെഡിക്കല്‍ കോളേജ്,എച്ച്എംടി എറണാകുളം,കിനാലൂര്‍ കെ.എസ്.ഐ.ഡി.സി. വക സ്ഥലം എന്നിവ നിര്‍ദ്ദേശിച്ചു(Attachment 2 – Assembly Replay).

എന്നാല്‍ നിര്‍ദ്ദേശിക്കപ്പെട്ട സ്ഥലങ്ങള്‍ ഒന്നും തന്നെ സൗകര്യങ്ങളുടെ അപര്യാപ്ത മൂലം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. ഇതുവരെ 19 സംസ്ഥാനങ്ങളില്‍ എയിംസ് പ്രവര്‍ത്തനക്ഷമമാക്കുകയും മൂന്ന് സംസ്ഥാനങ്ങളില്‍ ഇവ പൂര്‍ത്തീകരണത്തിലേക്ക് അടുക്കുകയും ചെയ്യുന്നു. നിര്‍ഭാഗ്യവശാല്‍ കേരളത്തിന് ഇതുവരെ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമായ ഒരു സ്ഥലം പോലും കേന്ദ്രത്തിന് മുമ്പില്‍ നിര്‍ദ്ദേശിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും,ആരോഗ്യ മന്ത്രിയും പറയുന്നത് കേന്ദ്ര സര്‍ക്കാര്‍ പുറം തിരിഞ്ഞു നില്‍ക്കുന്നതുകൊണ്ടാണ് എയിംസ് കേരളത്തില്‍ പ്രവര്‍ത്തിക്കാത്തത് എന്നാണ്. എന്നാല്‍ വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിന് നല്‍കിയ മറുപടിയില്‍(4-11-2022) കിനാലൂരില്‍ കേന്ദ്ര നിര്‍ദ്ദേശപ്രകാരമുള്ള 200 ഏക്കറിന് പകരം 151 ഏക്കര്‍ മാത്രമാണുള്ളതെന്നും, ബാക്കി സ്ഥലം ഏറ്റെടുക്കുന്നതിനു വേണ്ടി സാമൂഹിക ആഘാത പഠനം നടന്നുവരുന്നു എന്നുമാണ്(Attachment 3-RTI replay from addl. Chief Secretary, Kerala). ഇതുവരെയും സ്ഥലം (200 ഏക്കര്‍) ഏറ്റെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല.

ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ കൈവശത്തിലുള്ളതും, മധ്യകേരളത്തില്‍ റെയില്‍- റോഡ്,110 കെവി സബ്‌സ്റ്റേഷന്‍,മൂവാറ്റുപുഴ ആറിന്റെ തീരത്ത് ശുദ്ധജല ലഭ്യതയുള്ള,കൊച്ചിയുടെ സാമീപ്യമുള്ള വെള്ളൂരിലുള്ള കെ. പി. പി. എല്‍ (പഴയ എച്ച്. എന്‍. എല്‍ )വക 700 ഏക്കര്‍ സ്ഥലത്തു നിന്നും 200 ഏക്കര്‍ വിട്ടു നല്‍കിയാല്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു സാമ്പത്തിക ബാധ്യതയും ഇല്ലാതെ നാടിന്റെ സമഗ്ര വികസനത്തിനും,ആരോഗ്യ മേഖലയിലെ അതിനൂതന സാങ്കേതിക വികാസത്തിനും പ്രയോജനപ്പെടുന്ന എയിംസ് സ്ഥാപിക്കുവാന്‍ കഴിയും. ഈ സ്ഥലം വ്യവസായ ആവശ്യത്തിനായി കൈവശപ്പെടുത്തിയിട്ടുള്ളതാണെന്നും ആശുപത്രി ആവശ്യത്തിന് വിട്ട് നല്‍കാനാവില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. അതേ സമയം ആരോഗ്യ വകുപ്പിലേക്ക് എയിംസിനായി കെ.എസ്. ഐ.ഡി.സി കിനാലൂരില്‍ വിട്ടു നല്‍കിയ 151 ഏക്കര്‍ സ്ഥലം ഏറ്റെടുത്തതും വ്യവസായിക ആവശ്യത്തിനായിട്ടാണെന്ന കാര്യം സര്‍ക്കാര്‍ മനപ്പൂര്‍വം മറച്ചുവയ്ക്കുന്നു. വെള്ളൂരില്‍ ലഭ്യമായ സ്ഥലത്ത് എയിംസ് സ്ഥാപിക്കുന്നതിന് വേണ്ടുന്ന ഒരു നടപടിയും സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പ്രാദേശികമായ സര്‍വകക്ഷി യോഗങ്ങളും, സത്യാഗ്രഹം അടക്കമുള്ള പരിപാടികളും, നിവേദനങ്ങളും എല്ലാം നടത്തിയിട്ടും യാതൊരുവിധ അനുകൂല സമീപനവും സര്‍ക്കാര്‍ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെടുന്നു.