പിരിവെടുത്തു നൂറു കോടി ക്ലബ്ബില്‍ കേരളാ പോലീസ് ; രണ്ടാം ലോക്ക്ഡൗണില്‍ പിഴയായി പിരിച്ചത് 125 കോടിയോളം രൂപ

ബിവറേജ് കോര്‍പ്പറേഷന്‍ കഴിഞ്ഞാല്‍ സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കുന്ന വിഭാഗമായി കേരളാ പോലീസ് മാറുന്ന കാഴ്ചയാണ് ലോക് ഡൗണില്‍ കാണാന്‍ കഴിയുക. രണ്ടാം ലോക്ഡൗണില്‍ കേരള പൊലീസ് പിഴയായി പിരിച്ചത് 125 കോടിയോളം രൂപയെന്ന് റിപ്പോര്‍ട്ട്. 17.75 ലക്ഷം പേര്‍ക്കെതിരെയാണ് ഈ കാലയളവില്‍ പൊലീസ് കേസെടുത്തത്. മാസ്‌ക് ധരിക്കാത്തതിന് 10.7 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആള്‍ക്കൂട്ടങ്ങള്‍, ലോക്ക്ഡൗണ്‍ കാലത്ത് പൊലീസ് നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങുക, ക്വാറന്റീന്‍ ലംഘനം തുടങ്ങി വിവിധ കാരണങ്ങള്‍ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.കേസുകളുടെ എണ്ണവും പിഴത്തുകയും കേരളാ പൊലീസിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഈ കണക്കുകള്‍ പരിശോധിച്ചാണ് രണ്ടാം ലോക്ക്ഡൗണ്‍ കാലത്ത് പൊലീസ് പിരിച്ച തുകയുടെ കണക്ക് ലഭ്യമായത്. പോലീസിനെതിരെ ജനങ്ങളെ ദ്രോഹിക്കുന്നു എന്ന പേരില്‍ ധാരാളം പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഈ കണക്കും പുറത്തു വന്നിരിക്കുന്നത്. അതേസമയം കേരളാ പോലീസിന്റെ ഈ നടപടിക്ക് എതിരെ എതിര്‍പ്പും രൂക്ഷമാണ്.