വീട്ടമ്മയുടെ ഫോണിലേക്ക് വിളിച്ച 24 പേരെ പൊലീസ് തിരയുന്നു

വീട്ടമ്മയുടെ പ്രചരിപ്പിച്ച സംഭവത്തില്‍ നടപടി ഊര്‍ജിതമാക്കി പൊലീസ്. ചങ്ങനാശേരി തെങ്ങണയില്‍ താമസിക്കുന്ന ജെസ്സിമോള്‍ എന്ന വീട്ടമ്മയുടെ നമ്പരിലേക്കാണ് ചിലര്‍ നിരന്തരം വിളിച്ചു ശല്യം ചെയ്തത്. ഇക്കാര്യത്തില്‍ കര്‍ശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് ചങ്ങനാശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 44 പേര്‍ ജെസിയുടെ ഫോണിലേക്ക് വിളിച്ചതായി പൊലീസ് കണ്ടെത്തി. 24 ഫോണ്‍ നമ്പരുകള്‍ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 20 പേരെ കഴിഞ്ഞ ദിവസം തന്നെ പൊലീസ് വിളിപ്പിക്കുകയും ചെയ്തു.

അതേസമയം കഴിഞ്ഞ കുറേ കാലമായി അര്‍ദ്ധരാത്രിയിലെ ഫോണ്‍ വിളികള്‍ കാരണം സൈ്വര്യം നഷ്ടപ്പെട്ടതായി ജെസി പറയുന്നു. എട്ടു മാസമായി സമാധാനമായി ഉറങ്ങിയിട്ട്. മിക്ക ദിവസങ്ങളിലും രാത്രി 12 മണിക്ക് ശേഷമാണ് കോളുകള്‍ വരുന്നത്. മക്കളാണ് ഫോണെടുക്കുന്നത്. കേട്ടാല്‍ അറയ്ക്കുന്ന വൃത്തികേടുകളാണ് വിളിക്കുന്നവര്‍ പറയുന്നതെന്നും ജെസി പറയുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ ജെസി കഴിഞ്ഞ 22 വര്‍ഷത്തോളമായി നാലു മക്കള്‍ക്കൊപ്പം തെങ്ങണയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുകയാണ്. നഴ്‌സായും വീട്ടുജോലി ചെയ്തും ട്യൂഷനെടുത്തുമാണ് ജെസി  കുടുംബം പുലര്‍ത്തുന്നത്.