എസ് ഡി പി ഐ പിന്തുണ ; ഈരാറ്റുപേട്ട നഗരസഭയില്‍ ഭരണം എല്‍ഡിഎഫിന്

എസ്.ഡി.പി.ഐ പിന്തുണയില്‍ ഈരാറ്റുപേട്ട നഗരസഭയില്‍ ഭരണം പിടിച്ചു എല്‍ ഡി എഫ്. നഗരസഭ ചെയര്‍ പേഴ്‌സണായിരുന്ന മുസ്ലിം ലീഗിലെ സുഹ്‌റാ അബ്ദുള്‍ ഖാദറിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. എസ്.ഡി.പി.ഐയുടെ പിന്തുണയോടെയാണ് അവിശ്വാസ പ്രമേയം പാസായത്. കോണ്‍ഗ്രസിന്റെ വിമത അംഗം അന്‍സല്‍ന പരീക്കുട്ടിയും എല്‍ഡിഎഫിനെ പിന്തുണച്ചു.

ഈരാറ്റുപേട്ട നഗരസഭയില്‍ 28 അംഗങ്ങളാണ് ഉണ്ടായിരുന്നത്. അവിശ്വാസ പ്രമേയം പാസാക്കാനായി 15 വോട്ടാണ് വേണ്ടിയിരുന്നത്. ഒമ്പത് എല്‍ഡിഎഫ് അംഗങ്ങള്‍ക്കൊപ്പം അഞ്ച് എസ് ഡി പി ഐ അംഗങ്ങളും അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുകയായിരുന്നു. മുസ്ലിം ലീഗിനായിരുന്നു യുഡിഎഫില്‍ അധ്യക്ഷ സ്ഥാനം. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ രണ്ട് അംഗങ്ങളുടെ പിന്തുണയുള്‍പ്പെടെ 14 അംഗങ്ങളാണ് യുഡിഎഫിനെ പിന്തുണച്ചിരുന്നത്.