വീണ്ടും ബ്ലാക് ഫംഗസ് ബാധ ; എറണാകുളം സ്വദേശിയായ വീട്ടമ്മ നിരീക്ഷണത്തില്‍
സംസ്ഥാനത്ത് വീണ്ടും ബ്ലാക് ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം ഉദയംപേരൂര്‍ സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡിന് പിന്നാലെയാണ് ഇവര്‍ക്ക് രോഗം പിടിപെട്ടത്. വീട്ടമ്മയും ഭര്‍ത്താവും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ചികിത്സയില്ലാണ്. നേരത്തെ കൊറോണ ബാധിതരായവരില്‍ വ്യാപകമായി ബ്ലാക്ക് ഫങ്കസ് ബാധ കണ്ടെത്തിയിരുന്നു. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷമാണു ഇപ്പോള്‍ കേരളത്തില്‍ വീണ്ടും ഈ രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊറോണ വൈറസ് ബാധിച്ചു നെഗറ്റിവ് ആകുന്നവരിലാണ് ഈ ഫങ്കസ് ബാധ കണ്ടു വരുന്നത്.
ബ്ലാക്ക് ഫംഗസ് എന്ന രോഗത്തിന്റെ ശരിയായ പേര് മ്യൂക്കോര്‍മൊക്കോസിസ് എന്നാണ്. അതിന് കറുപ്പ് ഫംഗസുമായി ബന്ധമില്ല. മ്യൂക്കറൈല്‍സ് വിഭാഗത്തില്‍പ്പെട്ട ഫംഗസാണ് ഈ രോഗമുണ്ടാക്കുന്നത്. ഈ രോഗാണു നമ്മുടെ രക്തക്കുഴലിനെയാണ് ബാധിക്കുന്നത്. രക്തക്കുഴലില്‍ പ്രവേശിച്ച് അത് ബ്ലോക്ക് ചെയ്യുകയും രക്തയോട്ടം നിലപ്പിക്കുകയും ചെയ്യുന്നു മാത്രമല്ല ആ രക്തക്കുഴല്‍ പോകുന്ന ഭാഗം മുഴുവന്‍ നിര്‍ജീവമാക്കുകയും ചെയ്യുന്നു. സാധാരണ ഒരു വ്യക്തിക്ക് മ്യൂക്കോര്‍മൈക്കോസിസ് രോഗം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. പക്ഷെ നിലവിലെ സാഹചര്യത്തില്‍ രോഗത്തെക്കുറിച്ചുള്ള അറിവും ജാഗ്രതയും നമുക്ക് ഉണ്ടായിരിക്കണം. ഷുഗര്‍ ലെവല്‍ വളരെ കൂടുതലുള്ളവരിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ ഷുഗര്‍ലെവല്‍ എപ്പോഴും നോര്‍മലായിരിക്കാന്‍ ശ്രദ്ധിക്കുക.