കൊറോണ ; കേരളത്തില്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ള 82 ശതമാനം പേരിലും ആന്റിബോഡി സാന്നിധ്യം

സംസ്ഥാനത്തെ 18 വയസ്സിന് മുകളിലുള്ളവരില്‍ 82 ശതമാനം പേരിലും ആന്റിബോഡി സാന്നിധ്യമുണ്ടെന്നു സര്‍വ്വേ ഫലം. വാക്‌സിനേഷന്‍ സ്വീകരിക്കാത്ത 18 വയസ്സിന് താഴെയുള്ളവരില്‍ 40 ശതമാനം പേര്‍ക്ക് മാത്രമേ ഇപ്പോഴും രോഗം വന്നുപോയിട്ടുള്ളൂ. സെറോ സര്‍വ്വേയുടെ ഭാഗമായി സംസ്ഥാനത്തെ 30,000 പേരില്‍ നിന്നെടുത്ത സാപിളുകള്‍ പരിശോധിച്ചപ്പോള്‍ 82 ശതമാനത്തിലധികമാണ് പ്രതിരോധ ആന്റിബോഡിയെന്നാണ് വിവരം. മേയ് മാസത്തില്‍ ഐ.സി.എം.ആര്‍ നടത്തിയ പഠനത്തില്‍ ഇത് 42.7 ശതമാനമായിരുന്നു. 92.8 ശതമാനമാണ് സംസ്ഥാനത്ത് ഇപ്പോള്‍ വാക്‌സിനേഷന്‍ ആദ്യഡോസ് നിരക്ക്. ഇരട്ടിയോളമുള്ള വര്‍ധനവിന് രണ്ടാംതരംഗവും മുന്നേറിയ വാക്‌സിനേഷനും കാരണമായെന്നര്‍ത്ഥം.

എന്നാല്‍ കുട്ടികളിലെ ആന്റിബോഡി നിരക്ക് 40 ശതമാനമാണ്. ഇവരിലേക്ക് വാക്‌സിനെത്തിയിട്ടില്ലാത്തതിനാല്‍ ഇത് രോഗം വന്നു പോയതിലൂടെ മാത്രം ഉണ്ടായതാണ്. കുട്ടികളിലേക്ക് കാര്യമായി വ്യാപനം ഇപ്പോഴുമുണ്ടായിട്ടില്ല എന്ന് സ്‌കൂള്‍ തുറക്കുമ്പോള്‍ പ്രധാനമാണ്. ഗര്‍ഭിണികള്‍, തീരദേശ, ഗ്രാമീണ, നഗരമേഖലകള്‍, ആദിവാസി വിഭാഗങ്ങള്‍ ഇങ്ങനെ തരംതിരിച്ച് സൂക്ഷമമായ വിശകലനം സെറോ സര്‍വ്വേ റിപ്പോര്‍ട്ടില്‍ നടക്കുകയാണ്. അതിനിടെ, വാക്‌സിനെടുത്തവരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പാര്‍ശ്വഫലങ്ങള്‍ പഠിക്കുകയാമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തെയും ഇത് അറിയിച്ചിട്ടുണ്ട്. അതിനിടെ വാക്‌സിനെടുത്തവരിലെ പാര്‍ശ്വഫലങ്ങള്‍ പഠിക്കാന്‍ സംസ്ഥാനം നടപടി തുടങ്ങി.