പ്ലസ് വണ്‍ പ്രവേശനം ; സിപിഎം നിയമസഭാകക്ഷി യോഗത്തില്‍ വിദ്യാഭ്യാസ വകുപ്പിനെതിരെ കടുത്ത വിമര്‍ശനം
ചൊവ്വാഴ്ച ചേര്‍ന്ന സിപിഎം നിയമസഭാ കക്ഷി യോഗത്തിലാണ് വിദ്യാഭ്യാസ വകുപ്പിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നത്. എ പ്ലസ് കണക്കനുസരിച്ച് സീറ്റുണ്ടോയെന്ന് പരിശോധിച്ചില്ലെന്ന് അംഗങ്ങള്‍ കുറ്റപ്പെടുത്തി. സംസ്ഥാനമാകെ ഒരു യൂണിറ്റായി എടുത്തതിലും വിമര്‍ശനം ഉണ്ടായി. പ്രതിസന്ധിയുള്ള ജില്ലകളില്‍ കൂടുതല്‍ സീറ്റ് അനുവദിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. 2019-20നേക്കാളും ഒന്നര ഇരട്ടിയിലേറെ പേര്‍ക്ക് മുഴുവന്‍ എ പ്ലസ് ലഭിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. എ-പ്ലസിന്റെ കണക്കറിയാതെയാണോ സീറ്റുകളുടെ താരതമ്യം വകുപ്പ് നടത്തിയത് എന്ന ചോദ്യം യോഗത്തിലുണ്ടായി. സിപിഎം അംഗങ്ങളില്‍ ഭൂരിഭാഗവും വിദ്യാഭ്യാസ വകുപ്പിനെതിരെ വിമര്‍ശനം ഉന്നയിച്ചു. ജില്ലകളുടെ ആവശ്യാനുസരണം സീറ്റ് ക്രമീകരണം വരുത്തണമെന്ന ആവശ്യം യോഗം മുന്നോട്ട് വെച്ചിട്ടുണ്ട്.
85000 ത്തോളം കുട്ടികള്‍ക്ക് ഇപ്പഴും പ്ലസ് വണ്‍ സീറ്റില്ലെന്ന് നേരത്തെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി സമ്മതിച്ചിരുന്നു. എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയ കുട്ടികള്‍ പോലും സീറ്റിനായി നെട്ടോട്ടം ഓടുമ്പോഴും അലോട്ട്‌മെന്റ് തീര്‍ന്നാല്‍ സീറ്റ് മിച്ചം വരുമെന്നായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ ഇതുവരെയുള്ള വാദം. മാനേജ്‌മെന്റ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, അണ്‍ എയ്ഡഡ് സീറ്റുകളെല്ലാം കൂട്ടിയുള്ള ആ വാദം ഇന്നും മന്ത്രി ആവര്‍ത്തിച്ചതെങ്കിലും താഴേത്തട്ടിലെ സ്ഥിതി പരിശോധിക്കാമെന്ന് ഒടുവില്‍ സര്‍ക്കാര്‍ സമ്മതിക്കുകയായിരുന്നു. കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മെന്റ് ക്വാട്ട, പ്രവേശനം തീര്‍ന്ന് 23 ന് ശേഷം താലൂക്ക് അടിസ്ഥാനത്തില്‍ പരിശോധിക്കും. എന്നാല്‍ പുതിയ ബാച്ച് തന്നെ അനുവദിക്കണമെന്നാണ് പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടത്. പുതിയ ബാച്ച് അടക്കം അനുവദിക്കാതെ സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ നീറുന്ന പ്രശ്‌നത്തോട് മുഖം തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.