കര്‍ണാടകത്തിനും ഗുജറാത്തിനും പിന്നാലെ മഹാരാഷ്ട്രയിലും ഒമിക്രോണ്‍
രാജ്യത്ത് കര്‍ണാടകത്തിനും ഗുജറാത്തിനും പിന്നാലെ മഹാരാഷ്ട്രയിലും കൊവിഡ് 19 വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഗുജറാത്തില്‍ 72കാരനും, മഹാരാഷ്ട്രയില്‍ 32കാരനുമാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ഒമിക്രോണ്‍ കേസുകളുടെ എണ്ണം നാലായി. കഴിഞ്ഞ 24ന് കേപ് ടൗണില്‍ നിന്നെത്തി കല്യാണിലെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുകയായിരുന്നു താനെ ഡോംബിവലി സ്വദേശിയായ മുപ്പത്തിരണ്ടുകാരന്‍. ദില്ലി വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ കൊവിഡും മുംബൈ കസ്തൂര്‍ബ ആശുപത്രിയില്‍ നടത്തിയ ജനിതക ശ്രേണീകരണ പരിശോധനയില്‍ ഒമിക്രോണും സ്ഥിരീകരിച്ചു. ഇതില്‍ 32കാരന് ഇപ്പോഴും രോഗലക്ഷണങ്ങളില്ല.
മുപ്പത് രാജ്യങ്ങളില്‍ ഇതിനോടകം പുതിയ വകഭേദം സാന്നിധ്യം അറിയിച്ചെങ്കിലും മരണ കാരണമായേക്കാവുന്ന തീവ്രത എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. പിന്നാലെ ഭയം വേണ്ടെന്ന് ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ചു. മുന്‍ വകഭേദങ്ങളെക്കാള്‍ വേഗത്തില്‍ ഒമിക്രോണ്‍ ബാധിച്ചവര്‍ക്ക് രോഗമുക്തി കിട്ടുന്നുണ്ടെന്നും മന്ത്രാലയം വിലയിരുത്തുന്നു. വാക്‌സിനേഷന്‍ പുരോഗമിക്കുന്നതും രോഗ പ്രതിരോധത്തില്‍ പ്രധാനമാകും. പുതിയ വകഭേദം നിലവിലുള്ള വാക്‌സീനുകളെ അതിജീവിക്കുമെന്നതിന് ഇതുവരെ തെളിവുകളില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
അതേസമയം, ഒമിക്രോണ്‍ ഭീതി ഉയര്‍ന്നിരിക്കെ കോവിഡ് വ്യാപനം തടയണമെന്ന് കേരളമടക്കം അഞ്ചു സംസ്ഥാനങ്ങള്‍ക്കും ജമ്മുകശ്മീരിനും കേന്ദ്ര സര്‍ക്കാറിന്റെ കത്ത്. കോവിഡ് വ്യാപനം തടയാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കത്തെഴുതിയത്. കേരളം, തമിഴ്‌നാട്, ഒഡിഷ, കര്‍ണാടക മിസോറാം എന്നീ സംസ്ഥാനങ്ങള്‍ക്കും ജമ്മുകശ്മീരിനുമാണ് കത്ത്. ഇവിടങ്ങളില്‍ കോവിഡ് കേസുകളും മരണസംഖ്യയും വര്‍ധിക്കുന്നതില്‍ ആശങ്കയും ഒമിക്രോണ്‍ വകഭേദത്തിന്റെ ഗൗരവവും കത്തിലൂടെ സംസ്ഥാനങ്ങളെ അറിയിച്ചു.
ഹൈറിസ്‌ക് രാജ്യങ്ങളില്‍നിന്നടക്കം വിദേശത്ത് നിന്ന് എത്തുന്നവരെ കര്‍ശനമായി പരിശോധിക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കത്തില്‍ പറഞ്ഞു. ഹോട്‌സ്‌പോട്ടുകളില്‍ നിന്ന് വരുന്നവരെ നിരീക്ഷിക്കാനും കോവിഡ് രോഗികളുടെ എല്ലാ സാംപിളുകളും ജെനോം സ്വീകന്‍സിങ്ങിന് അയക്കാനും ആവശ്യപ്പെട്ടു. കേരളത്തില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതില്‍ കേന്ദ്രം ആശങ്ക അറിയിച്ചു. നവംബര്‍ 19 നും 25 നുമിടയില്‍ 12 മരണം നടന്ന തൃശ്ശൂരില്‍ തൊട്ടടുത്ത ആഴ്ച 128 മരണങ്ങള്‍ ഉണ്ടായതും അതേകാലയളവില്‍ 70 മരണം നടന്ന മലപ്പുറത്ത് അടുത്തയാഴ്ച 109 ആയതും കേന്ദ്രം ചൂണ്ടിക്കാട്ടി. ജമ്മുകശ്മീരിലെ കത്വ ജില്ലയില്‍ നവംബര്‍ 26 നും ഡിസംബര്‍ രണ്ടിനും ഇടയില്‍ 727 ശതമാനം വര്‍ധനവാണ് കോവിഡ് കേസുകളിലുണ്ടായത്.