മകളുടെ കൂട്ടുകാരികള്‍ക്ക് അശ്ലീലചിത്രങ്ങളും സന്ദേശങ്ങളും അയച്ച അച്ഛന്‍ അറസ്റ്റില്‍

തന്റെ മകളുടെ കൂട്ടുകാരികള്‍ക്ക് അശ്ലീലചിത്രങ്ങളും സന്ദേശങ്ങളും അയച്ച സംഭവത്തില്‍ പിതാവ് അറസ്റ്റിലായി. കണ്ണൂര്‍ കടലായി കുറുവയിലെ കാര്യന്‍കണ്ടി ഹരീഷിനെ(52)യാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റുചെയ്തത്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഒരു പെണ്‍കുട്ടിയുടെ രക്ഷിതാവ് നല്‍കിയ പരാതിയിലാണ് പോക്‌സോ നിയമപ്രകാരം ഹരീഷിന് എതിരെ പൊലീസ് കേസെടുത്തത്.

എല്‍ഐസി ഏജന്റായ പ്രതി മറ്റ് നിരവധി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും അശ്ലീലചിത്രങ്ങളും സന്ദേശങ്ങളും അയച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് മറ്റ് നിരവധി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇത്തരം സന്ദേശങ്ങള്‍ അയച്ചതായി കണ്ടെത്തിയത്. മകളുടെ ഫോണില്‍നിന്നാണ് ഇയാള്‍ കൂട്ടുകാരികളുടെ നമ്പരുകള്‍ ശേഖരിച്ചത്. നഗരത്തിലെ സ്‌കൂളിലെ പിടിഎ പ്രസിഡന്റായും ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. പ്രതിയുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.