ബലാല്‍സംഗ പരാതി വ്യാജം ; മുന്‍കൂര്‍ ജാമ്യം തേടി വെട്ടിയാര്‍ ഹൈക്കോടതിയില്‍

പീഡനാരോപണ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ ഹൈക്കോടതിയില്‍. പരാതി വ്യാജമാണെന്നും പരാതിക്കാരിക്ക് ഗൂഢ ലക്ഷ്യമെന്നും ജാമ്യാപേക്ഷയില്‍ ശ്രീകാന്ത് ആരോപിക്കുന്നു. പരാതിക്കാരി സുഹൃത്തായിരുന്നുവെന്നും തന്നോട് സൗഹൃദം സ്ഥാപിച്ചത് ഗൂഢ ലക്ഷ്യത്തോടൈയാണെന്നും വെട്ടിയാര്‍ അവകാശപ്പെടുന്നു. ശ്രീകാന്ത് വെട്ടിയാരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കമാരംഭിച്ചതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ശ്രീകാന്ത് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ബലാത്സംഗ കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ ശ്രീകാന്ത് ഒളിവിലാണെന്നാണ് വിവരം. ശ്രീകാന്ത് വെട്ടിയാര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കാന്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ശ്രീകാന്തിനെ തേടി പൊലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ഒരാഴ്ച്ചയായി ശ്രീകാന്ത് ഒളിവിലാണെന്ന് പൊലീസ് പറയുന്നു.

യൂട്യൂബ് വ്‌ളോഗിങ്ങിലൂടെയും ട്രോള്‍ വീഡിയോകളിലൂടെയും പ്രശസ്തനായ ശ്രീകാന്ത് വെട്ടിയാറിനെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നത് അടുത്തിടെയാണ്. വിമന്‍ എഗേന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫെയ്‌സ്ബുക് പേജിലൂടെയാണ് ശ്രീകാന്തിനെതിരെ ബലാത്സംഗ ആരോപണം ആദ്യം ഉന്നയിച്ചിരുന്നത്. എന്നാല്‍ വീണ്ടും അതേ പേജിലൂടെ മറ്റൊരാള്‍ കൂടി ശ്രീകാന്തിനെതിരെ മീ ടൂ ആരോപണവുമായി രംഗത്തെത്തിയിരുന്നു.ശ്രീകാന്ത് വെട്ടിയാര്‍ പ്രണയം നടിച്ച് പല ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചവരില്‍ ഒരാള്‍ എന്നു പറഞ്ഞാണ് നീണ്ട കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. വീട്ടിലെ പ്രാരാബ്ധങ്ങള്‍ പറഞ്ഞും അമ്മയ്ക്ക് ‘ഭ്രാന്ത് ‘(അയാള്‍ ഉപയോഗിച്ച വാക്ക് ) ആണെന്നു പറഞ്ഞുമൊക്കെയാണ് ശ്രീകാന്ത് വെട്ടിയാര്‍ അനുകമ്പ നേടാന്‍ തുടങ്ങിയതെന്ന് കുറിപ്പില്‍ പറയുന്നു. സാമ്പത്തിക ചൂഷണത്തിനു പുറമെ മാനസിക വൈകാരിക ഉപദ്രവങ്ങള്‍ നേരിട്ടെന്നും യുവതി ആരോപിക്കുന്നു. കൊല്ലം സ്വദേശിനിയായ യുവതിയുടെ പേരിലാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് കേസ് രജിസ്റ്റ് ചെയ്തിരിക്കുന്നത്. ആരോപണത്തിന് പിന്നാലെ ശ്രീകാന്തിന്റെ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നു. പോലീസ് അറസ്റ്റിനു തയ്യാറെടുത്ത സമയം തന്നെ ശ്രീകാന്ത് ഒളിവില്‍ പോവുകയായിരുന്നു.