ബസ് കാത്ത് നിന്ന മാധ്യമപ്രവര്‍ത്തകയെ ശല്യം ചെയ്ത യുവാവ് പിടിയില്‍

ആറ്റിങ്ങലില്‍ കഴിഞ്ഞ ദിവസം രാത്രി മാധ്യമ പ്രവര്‍ത്തകയ്ക്ക് നേര അതിക്രമം നടത്തിയ പ്രതി പിടിയില്‍. ബാലരാമപുരം നെല്ലിവിള പുതുവല്‍ പുത്തന്‍ വീട്ടില്‍ അച്ചു കൃഷ്ണ (21)ആണ് പിടിയിലായത്. ബുധനാഴ്ച രാത്രി 8.30ഓടെ ആറ്റിങ്ങല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപമായിരുന്നു സംഭവം. ബസ് കാത്ത് നില്‍ക്കുകയായിരുന്ന മാധ്യമ പ്രവര്‍ത്തകയ്ക്ക് അടുത്തെത്തിയ ഇയാള്‍ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിക്കുകയായിരുന്നു. യുവതി ഇതിനെതിരെ പ്രതികരിച്ചപ്പോള്‍ ഇയാള്‍ അവിടെ നിന്നും ഓടി രക്ഷപെടാന്‍ ശ്രമിച്ചു. ഇതോടെ യുവാവിനെ പിടികൂടാന്‍ പിന്നാലെ മാധ്യമപ്രവര്‍ത്തക ഓടി. സമീപ പ്രദേശത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ യുവാവ് ഇട്ടിരുന്ന വസ്ത്രങ്ങള്‍ ഊരിയ ശേഷം നഗ്‌നനായി ഓടി രക്ഷപ്പെട്ടു. നാട്ടുകാരും പോലീസും ഇയാളെ തിരഞ്ഞെങ്കിലും പിടികൂടാനായില്ല. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ ആറ്റിങ്ങല്‍ മാമം ഭാഗത്തു നിന്നും പ്രതിയെ ആറ്റിങ്ങല്‍ പൊലീസ് പിടികൂടുകയായിരുന്നു. ആറ്റിങ്ങല്‍ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നിര്‍ദേശാനുസരണം ആറ്റിങ്ങല്‍ എസ് എച്ച് ഒ മിഥുന്‍ ഡി, എസ് ഐമാരായ രാഹുല്‍ പി ആര്‍, ബിനിമോള്‍. ബി, എസ് സി പി ഒമാരായ ശരത്, അജിത്, സി പി ഒമാരായ രജിത്, ആല്‍ബിന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.