യൂറോപ്പിലെ നാടകപ്രവര്‍ത്തനങ്ങളുടെ ഇരുപത്തേഴ് വര്‍ഷങ്ങള്‍

വിയന്ന: പ്രവാസജീവിതത്തില്‍ നാടക കലാ പ്രവര്‍ത്തനങ്ങളുടെ 27 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് മുരിങ്ങൂര്‍ സ്വദേശിയായ ജാക്സണ്‍ പുല്ലേലി. ഓസ്ട്രിയയിലെ വിയന്നയില്‍ 1994 സെപ്റ്റംബര്‍ മാസത്തില്‍ എത്തിച്ചേര്‍ന്ന ഇദ്ദേഹം തൊട്ടടുത്ത മാസം ‘ഉണര്‍ത്തുപാട്ട്’ എന്ന സ്‌കിറ്റ് കേരള സമാജം വിയന്നയ്ക്കുവേണ്ടി രചനയും സംവിധാനവും നിര്‍വഹിച്ചാണ് യൂറോപ്പിലെ പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.

അതോടൊപ്പം തന്നെ വിയന്ന മലയാളി അസോസിയേഷന്റെ ‘ഉദയം’ മാഗസിനില്‍ ‘ദൂരദര്‍ശിനി’ എന്ന ഏകാങ്ക നാടകവും പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് ടാബ്ലോ, സ്‌കിറ്റ്, നാടകം എന്നീ മേഖലകളില്‍ എല്ലാം പുത്തനുണര്‍വുണ്ടാക്കികൊണ്ടുള്ള മുന്നേറ്റം 2022ലും തുടരുന്നു. ഓസ്ട്രിയയില്‍ എത്തുന്നതിനു മുമ്പേ തന്നെ എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിവിധ സ്‌കൂളുകളിലും, കോളേജുകളിലും, പള്ളിയങ്കണങ്ങളിലും, വായനശാലകളുടെയും, ക്ളബുകളുടെയും വാര്‍ഷികങ്ങളിലും, ഏകാങ്കനാടക മത്സര വേദികളിലും ജാക്സണ്‍ പുല്ലേലി രചനയും സംവിധാനവും നിര്‍വഹിച്ചനാടകങ്ങള്‍ വളരെയേറെ പ്രശസ്തി കൈവരിക്കുകയുണ്ടായിട്ടുണ്ട്.

താന്‍ ഇതുവരേ രചിച്ച 46 നാടകങ്ങളാണ് മലയാള നാടകവേദിക്ക് തന്റെ സംഭാവനയെന്നു അഭിമാനപൂര്‍വം ജാക്സണ്‍ പുല്ലേലി പറയുന്നു. ഇവയെല്ലാം തന്നെ വിവിധ മാഗസിനുകളില്‍ പ്രസിദ്ധീകരിക്കുകയോ രംഗത്ത് അവതരിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. KCSന്റെ ‘സമസ്യ’, VMAയുടെ ‘ഉദയം’, KSVയുടെ ‘ദീപ്തി’, സ്വിസ് ബിഫ്രണ്ട്സിന്റെ ‘മൈത്രി’ തുടങ്ങിയ മാഗസിനുകളിലും, ഇന്ത്യന്‍ കാത്തലിക് കമ്മ്യൂണിറ്റിയുടെയും വിവിധ സംഘടനകളുടെയും സുവനീറുകളിലുമായിട്ടാണ് നാടകങ്ങള്‍ കൂടുതലും പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ആദ്യ വര്‍ഷങ്ങളില്‍ വിവിധ പ്രസ്ഥാനങ്ങള്‍ക്കുവേണ്ടി രംഗത്ത് അവതരിക്കപ്പെട്ട നാടകങ്ങളില്‍ ‘പടയൊരുക്കം’, ‘പിരമിഡുകള്‍’, ‘സൂര്യ കാന്തി’, ‘ഓ യെറുശലേം’, ‘പ്രേഷിതവീഥി’, ‘റോമാ 8, 14 ‘, ‘സൂത്രവാക്യം’, ‘കോള്‍ബെ’, ‘ആഗോള ശാന്തിക്കായി’, ‘അപ്പനും മക്കളും’, ‘നിഴല്‍യുദ്ധം’ തുടങ്ങിയവ എടുത്ത് പറയേണ്ടവയാണ്. കൂടുതലും നാടകങ്ങള്‍ രംഗത്ത് അവതരിപ്പിച്ചിട്ടുള്ളത് കേരള സമാജം വിയന്നയിലെ ആര്‍ട്ടിസ്റ്റുകളാണ്. ഏറെ പ്രശംസനേടിയ ‘സമ്മോഹനം’ എന്ന സാമൂഹ്യ നാടകം ഇന്ത്യന്‍ കാത്തലിക് കമ്മ്യൂണിറ്റി വിയന്ന അവതരിപ്പിച്ചത് 2009ലാണ്. സ്വിറ്റ്സര്‍ലന്‍ഡിലെ ഭാരതീയ കലാലയം ‘വാര്‍മഴവില്ല്’, ‘തണ്ണീരും കണ്ണീരും’ എന്നീ നാടകങ്ങള്‍ സൂറിച്ചില്‍ അവതരിപ്പിച്ചത്. ഈ നാടകങ്ങള്‍ കേരള സമാജം വിയന്നയും വേദിയിലെത്തിച്ചു.

ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ ‘ബാബിലോണിലെ സൂര്യപുത്രി’ സ്വിറ്റ്സര്‍ലന്‍ഡിലെ സീറോ മലബാര്‍ കമ്മ്യൂണിറ്റിയാണ് സൂറിച്ചിലും, ബേണിലും അരങ്ങിലെത്തിച്ചത്. വിയന്നയിലും ഈ ബൈബിള്‍ നാടകം അരങ്ങേറി.

സംവിധാന മികവിന് ലഭിച്ച അംഗീകാരങ്ങളുടെ മറ്റു ഉദാഹരണങ്ങളാണ് 2007ല്‍ ICC വിയന്നയുടെ രജത ജൂബിലിക്ക് തിളക്കമേകിയ ‘നിലാവിന്റെ നിറം’ എന്ന സാമൂഹ്യ നാടകവും, വേള്‍ഡ് മലയാളീ കൗണ്‍സിലിന് വേണ്ടി സംവിധാനം ചെയ്ത ‘യാത്ര’ എന്ന ഏകാങ്ക നാടകവും. ബാലകൈരളിക്കു വേണ്ടിയായിരുന്നു ‘ഒളിച്ചു കളി’, ‘പഠിക്കാത്ത പാഠങ്ങള്‍’ എന്നീ കുട്ടികളുടെ നാടകങ്ങളുടെ രചനയും സംവിധാനവും നിര്‍വഹിച്ചത്.

‘വിലപിക്കുന്ന മനുഷ്യന്‍’ എന്ന ബൈബിള്‍ ഏകാങ്ക നാടകം സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ് സമൂഹം അരങ്ങിലെത്തിച്ചത് 2010 ലാണ്. ‘വേതാള വിളയാട്ടം’, ‘മേല്‍പ്പുരകള്‍’, ‘ദൂരദര്‍ശിനി’, ‘ദിദിമോസ്’, ‘കടല്‍കിഴവന്‍’, ‘ജനിതകം’, ‘സര്‍പ്പ യങ്ജം’, ‘ദാനിയേല്‍ എന്ന ബാലന്‍’, ‘വോയിസ് ഓഫ് സിന്‍’, ‘നാടകം ഒരു സ്വപ്നം’, ‘ഒരു കലാകാരന്‍’, ‘സുല്‍ത്താന’, ‘നിരാലംബം’, ‘കഴുകന്‍’, ‘അതിജീവനം’ എന്നീ രചനകളും യൂറോപ്പിലെ മലയാളീ മാഗസിനുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ട ജാക്സണ്‍ പുല്ലേലിയുടെ നാടകങ്ങളാണ്. ‘അതിരുകളില്ലാത്ത ലോകം’, ‘ശിലോഹാം കുളത്തിലേക്കുള്ള വഴി’, ‘യാക്കോബിന്റെ മക്കള്‍’ എന്നിവയും ഇദ്ദേഹം രചിച്ച നാടകങ്ങളില്‍ ഉള്‍പ്പെടുന്നു.

‘അഭയാര്‍ത്ഥി’ (2015), ‘ജീവഗീതം’ (2018) എന്നീ ഷോര്‍ട്ട് ഫിലിമുകളുടെ രചനയും, സംവിധാനവും വളരെയേറെ ജനപ്രീതി നേടുകയുണ്ടായി. വിയന്നയിലും, സൂറിച്ചിലും, സാന്‍ജോ നഗര്‍ മുരിങ്ങൂരിലും വലിയ വിജയം നേടിയ ‘ആറാം മുദ്ര’, 2018ല്‍ അരങ്ങിലെത്തിയ ‘ഭാവനാലോകത്തെ നക്ഷത്രങ്ങള്‍’എന്നിവയെല്ലാം നാടക രചനയുടേയും, സംവിധാനത്തിന്റെയും മേഖലകളില്‍ പുതിയ പൊന്‍തൂവലുകള്‍ തുന്നിച്ചേര്‍ത്തവയാണ്.

മഹാത്മാ ഗാന്ധിയുടെ നൂറ്റിഅമ്പതാം ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി നൂറ് ആര്‍ട്ടിസ്റ്റുകളെ അരങ്ങിലെത്തിച്ച ‘മഹാത്മാ’ എന്ന രംഗാവതരണത്തിന്റെ രചനയും സംവിധാനവും നിര്‍വ ഹിച്ചതിനു സ്വിറ്റ്‌സര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസ്സഡറിന്റെ പ്രത്യേക പ്രശംസയ്ക്കും ജാക്‌സണ്‍ പാത്രമായുട്ടുണ്ട്. 2020 ജനുവരി 5നാണ് സൂറിച്ചിലെ ഭാരതീയ കലാലയം ഈ സ്‌കിറ്റിലൂടെ അരങ്ങില്‍ വിസ്മയം ഒരുക്കിയത്.

TIFA യുടെ മികച്ച ഗാന രചനക്കുള്ള Travancore International Film Award ജാക്സണ്‍ പുല്ലേലിക്കു ലഭിച്ചത് 2021 സെപ്റ്റംബര്‍ 5 നായിരുന്നു. 2021ല്‍ പുറത്തിറങ്ങിയ ‘എത്ര നാള്‍’ ഇന്ന വീഡിയോ ഗാനത്തിന്റെ രചനയും ചിത്രീകരണ സംവിധാനവുമാണ് ഈ അവാര്‍ഡിന് അദ്ദേഹത്തെ യോഗ്യനാക്കിയത്. അര്‍പ്പണ ബോധവും, അല്‍മാര്‍ത്ഥതയും, കഠിനാധ്വാനവും ആണ് ഈ നാല്പത്തിയാറ് നാടകങ്ങളുടെയും, നാനൂറിലേറെ കഥാപാത്രങ്ങളുടേയും സൃഷ്ടിക്കു പുറകിലെന്നു നിസ്സംശയം പറയാം. ഓരോ കഥാപാത്രത്തിനും ജീവന്‍ പകര്‍ന്ന നൂറുകണക്കിന് പ്രഗത്ഭരായ അഭിനേതാക്കളും, സാങ്കേതിക വിദഗ്ദ്ധരും, സംഘാടകരും സര്‍വ്വോപരി ദൈവാനുഗ്രഹവും ഒത്തുചേര്‍ന്നത് കൊണ്ടാണ് ഓരോ നാടകവും അരങ്ങില്‍ വിജയം നേടിയതെന്ന് അതീവ ചാരിതാര്‍ത്യത്തോടെ ജാക്സണ്‍ പുല്ലേലി പറയുന്നു. കുടുംബസമേതം വിയന്നയില്‍ ജീവിക്കുന്ന അദ്ദേഹം ഐക്യരാഷ്ട്രസഭയിലെ ഉദ്യോഗസ്ഥനാണ്.