നാലര വയസ്സുകാരിയെ കൊന്ന കേസില്‍ 31 വര്‍ഷങ്ങള്‍ക്ക് ശേഷം വിധി
കോഴിക്കോട് നാലര വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷയും പിഴയും വിധിച്ചു. സംഭവം നടന്ന് 31 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പറഞ്ഞിരിക്കുന്നത്. 1991 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിലെ ഒന്നാം പ്രതി ഗണേശന്‍ ഇപ്പോഴും ഒളിവില്‍ കഴിയുകയാണ്. രണ്ടാം പ്രതിയായ ബീന എന്ന ഹസീനയ്ക്കാണ് ഇപ്പോള്‍ ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചിരിക്കുന്നത്. മിനി എന്ന് വിളിക്കുന്ന ശാരിയാണ് കൊല്ലപ്പെട്ടത്. കോഴിക്കോട് ഫസ്റ്റ് ക്ലാസ് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് കെ അനില്‍കുമാറാണ് ശിക്ഷ വിധിച്ചത്.
എറണാകുളം സ്വദേശിനിയായ മഞ്ജു എന്ന സ്ത്രീയുടെ മകളായിരുന്നു ശാരി. ഇവരില്‍ നിന്നും കേസിലെ രണ്ടാം പ്രതിയായ ഷീന കുട്ടിയെ ദത്തെടുക്കുകയായിരുന്നു. കുട്ടിയുമായി കോഴിക്കോട് എത്തിയ ഇവര്‍ വിവിധ ലോഡ്ജുകളിലായി താമസിച്ച് വരികെയായിരുന്നു. ഇതിനിടയില്‍ ഒന്നാം പ്രതി ഗണേശനും രണ്ടാം പ്രതി ഹസീനയും ചേര്‍ന്ന് ശാരിയെ ക്രൂരമായി മര്‍ദ്ദിക്കുകയും, തുടര്‍ന്ന് കുട്ടി മരണപ്പെടുകയും ആയിരുന്നു. സംഭവം നടന്ന 28 വര്ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാം പ്രതിയായ ഹസീനയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ വിചാരണയില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. കേസിലെ ഒന്നാം പ്രതിയായ ഗണേശന്‍ ഇപ്പോഴും ഒളിവിലാണ്.