കോഴിയെ ജീവനോടെ തൂവല്‍ പറിച്ച് കഷണങ്ങളാക്കി ; ക്രൂരതക്കെതിരെ നടപടി വേണമെന്ന് ചിക്കന്‍ വ്യാപാരി സമിതി
ജീവനുള്ള കോഴിയുടെ തൂവല്‍ പറിക്കുകയും കഷണങ്ങളാക്കുകയും ചെയ്ത തിരുവനന്തപുരം പൊഴിയൂരുള്ള യുവാവിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരള സംസ്ഥാന ചിക്കന്‍ വ്യാപാരി സമിതി സംസ്ഥാന സെക്രട്ടറി പി എസ് ഉസ്മാന്. മറ്റുള്ള ചെറുകിട വ്യാപാരികളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ മോശമായി ചിത്രികരിക്കുന്ന ഇത്തരം ആളുകളുടെ ഈ പ്രവണത അവസാനിപ്പിക്കുന്നതിന് അധികാരികള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പൊഴിയൂരുള്ള ചെങ്കവിളയിലാണ് സംഭവം. ഇറച്ചിക്കടയിലെ ജീവനക്കാരനാണ് ജീവനുള്ള കോഴിയുടെ തൂവല്‍ പറിച്ചെടുത്തത്. തുടര്‍ന്ന് കോഴിയെ ജീവനോടെ തന്നെ കഷണങ്ങളാക്കുകയും ചെയ്തു. ചിരിയോടെയാണ് അയാള്‍ ഈ ക്രൂരത ചെയ്യുന്നത്. വേറൊരു ആളാണ് വീഡിയോ പകര്‍ത്തിയത്. സമൂഹമാധ്യമങ്ങളില്‍ വീഡിയോ വൈറലായതോടെ യുവാവിനു വേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ്.
ആയിരക്കണക്കിന് കച്ചവടക്കാരുടെ മുഖത്ത് കരിവാരി തേക്കുന്ന നിലയിലുള്ള നീച പ്രവര്‍ത്തിയെ ശക്തിയുക്തം അപലപിക്കുന്നതായി ചിക്കന്‍ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു. മാംസത്തിന് വേണ്ടി ഉത്പാദിപ്പിക്കുന്ന ഉല്പന്നമാണെങ്കിലും ഒരു ജീവനോട് കാണിക്കേണ്ടതായ മര്യാദകളൊന്നും പാലിക്കാതെ നിന്ദ്യമായ നിലയില്‍ ഒരു ജീവനെ കൊല്ലാകൊല ചെയ്യുന്ന ദൃശ്യം കാഴ്ചക്കാരില്‍ അമ്പരപ്പും സങ്കടവും സൃഷ്ടിക്കുന്നതാണ്. ഇത്തരം പ്രവര്‍ത്തികള്‍ ചിക്കന്‍ വ്യാപാരി സമിതി അംഗീകരിക്കില്ല എന്നു മാത്രമല്ല. ഇത്തരക്കാര്‍ക്കെതിരെ സംഘടന പരമായും നിയമപരമായും കടുത്ത നടപടി തന്നെ സ്വീകരിക്കുന്നതാണ്. ഇയാള്‍ക്കെതിരെ നിയമ പരമായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു.