പാതിവ്രത്യത്തില്‍ സംശയം ; ഭാര്യയുടെ കൈപ്പത്തിയില്‍ കര്‍പ്പൂരം കത്തിച്ച് പരീക്ഷണം നടത്തി യുവാവ്

ഭാര്യയുടെ പാതിവ്രത്യം തെളിയിക്കാന്‍ കൈപ്പത്തിയില്‍ കര്‍പ്പൂരം കത്തിച്ച് വിശ്വാസ പരിശോധന നടത്തിയ യുവാവ് ഒളിവില്‍. കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ വീരേനഹള്ളി ഗ്രാമത്തിലാണ് സംഭവം. അഞ്ച് ദിവസം മുമ്പാണ് ആനന്ദ എന്ന യുവാവ് ഭാര്യയുടെ കൈപ്പത്തിയില്‍ കര്‍പ്പൂരം കത്തിച്ച് ക്രൂരമായ പരീക്ഷണം നടത്തിയത്. ആനന്ദയെ ഭയന്ന് ഇക്കാര്യം യുവതി പൊലീസില്‍ പരാതിപ്പെട്ടില്ല. എന്നാല്‍, അംബേദ്കര സേവാസമിതി പ്രസിഡന്റ് കെ.എം സന്ദേശിന്റെ ഇടപെടലിനെ തുടര്‍ന്ന് പോലീസ് ഭര്‍ത്താവിനായി തിരച്ചില്‍ നടത്തുകയാണ്.

14 വര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതികള്‍ക്ക് ഒരു മകനുണ്ടെന്ന് വെമഗല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശിവരാജ് പറഞ്ഞു. എന്നാല്‍ ആനന്ദ എപ്പോഴും ഭാര്യയുടെ വിശ്വസ്തതയെ സംശയിച്ചു. അഞ്ച് ദിവസം മുമ്പ് അയാള്‍ അവളുടെ കൈപ്പത്തിയില്‍ കര്‍പ്പൂരം കത്തിക്കാന്‍ നിര്‍ബന്ധിച്ചു. നിരക്ഷരയായ സ്ത്രീ ഉടന്‍ തന്നെ ഭര്‍ത്താവ് പറഞ്ഞത് അതേപടി അനുസരിക്കുകയും ചെയ്തു. സംഭവം വാര്‍ത്തയായതോടെ പ്രതി ഗ്രാമം വിട്ടു. വെള്ളിയാഴ്ച യുവതിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.സംഭവത്തില്‍ യുവതിയുടെ കൈപ്പത്തിയില്‍ സാരമായി പൊള്ളലേറ്റിട്ടുണ്ട്.