മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നു ; രണ്ടു പേര്‍ പിടിയില്‍

കേരള തമിഴ് നാട് അതിര്‍ത്തി ഗ്രാമമായ ഗൂഡല്ലൂരില്‍ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സംഭവത്തില്‍ പതിനേഴുകാരന്‍ ഉള്‍പ്പെടെ രണ്ട് പേരെ പോലീസ് അറസ്റ്റു ചെയ്തു. മദ്യ ലഹരിയില്‍ ആണിവര്‍ ബലാത്സംഗം ചെയ്തതെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കോമ്പ സ്വദേശി അന്‍പതുകാരിയെ ഗൂഡല്ലൂരിനടുത്തുള്ള ഗ്രാമത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനസിക നില തകരാറിലായിരുന്ന ഇവര്‍ മൂന്ന് വര്‍ഷമായി ഗൂഢല്ലൂരിലെ തെരുവിലായിരുന്നു താമസം. ഓടയിലാണ് മൃതദേഹം കിടന്നിരുന്നത്. പോലീസ് നടത്തിയ പരിശോധനയില്‍ ഇവരുടെ തലയിലും ദേഹത്തും മുറിവുകള്‍ കണ്ടെത്തി. പോസ്റ്റുമോര്‍ട്ടത്തില്‍ ബലാത്സംഗത്തിന് ഇരയായതായും മനസ്സിലായി.

തുടര്‍ന്ന് പ്രതികളെ കണ്ടെത്താന്‍ തേനി എസ് പി പ്രത്യകം സംഘത്തെ നിയോഗിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചും ഡോഗ് സ്വാഡിനെ ഉപയോഗിച്ചും പോലീസ് നടത്തിയ തെരച്ചിലിലാണ് പ്രതികള്‍ പിടിയിലായത്. ഗൂഢല്ലൂര്‍ സ്വദേശിയും, കെട്ടിട നിര്‍മാണ തൊഴിലാളികളുമായ അരവിന്ദ് കുമാര്‍ സഹായി 17കാരന്‍ എന്നിവരാണ് അറസ്റ്റിലായത്. സംഭവ ദിവസം മദ്യപിച്ച് സെക്കന്‍ഡ് ഷോ കഴിഞ്ഞെത്തിയ പ്രതികള്‍ ഇവരെ ആക്രമിക്കുകയായിരുന്നു. ബഹളം വച്ചപ്പോള്‍ കമ്പുകൊണ്ടു തലക്കടിച്ച് വീഴ്ത്തി. ബലാത്സംഗത്തിന് ശേഷം കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി സമീപത്തെ ഓടയില്‍ തള്ളുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.