വരന് കഷണ്ടി ; വിവാഹ വേദിയില്‍ നിന്നും വധു ഇറങ്ങി പോയ്
ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം.വിവാഹ ചടങ്ങ് നടക്കുന്നതിനിടെ വരന് കഷണ്ടിയുണ്ടെന്ന് തിരിച്ചറിഞ്ഞ വധു വിവാഹത്തില്‍ നിന്ന് പിന്മാറി. വിവാഹ ചടങ്ങിനിടെ വരന്‍ തലകറങ്ങി വീണപ്പോഴായിരുന്നു വരന്റെ വിഗ് തെന്നി മാറിയത്. ഇത് കണ്ട വധു വിവാഹം ഉപേക്ഷിക്കുകയായിരുന്നു. കഷണ്ടിയുള്ള കാര്യം വിവാഹത്തിന് മുന്പ് വരന്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ നിന്ന് മറച്ചുവച്ചതാണ് വധുവിന്റെ പിന്മാറ്റത്തിന് കാരണമെന്നു പറയപ്പെടുന്നു. ബന്ധുക്കളെല്ലാം വധുവിനെ പറഞ്ഞ് മനസിലാക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും അവര്‍ വഴങ്ങിയില്ലെന്നും ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കാതെ ഒടുവില്‍ ലോക്കല്‍ പൊലീസും സംഭവത്തില്‍ ഇടപെട്ടു. എന്നാല്‍ താന്‍ വിവാഹത്തിന് സമ്മതിക്കില്ലെന്ന നിലപാടില്‍ വധു ഉറച്ചുനിന്നതോടെ പഞ്ചായത്ത് യോഗം വിളിക്കുകയും ചെയ്തു. ഒടുവില്‍ വിവാഹത്തിന് വധുവിന്റെ വീട്ടുകാര്‍ക്ക് ചെലവായ 5.66 ലക്ഷം രൂപ വരന്റെ വീട്ടുകാര്‍ നല്‍കി. വിവാഹത്തിന് മുന്പ് കഷണ്ടിയുടെ കാര്യം പറഞ്ഞിരുന്നെങ്കില്‍ വധുവടക്കമുള്ള ബന്ധുക്കള്‍ മാനസികമായി തയ്യാറാവുമായിരുന്നു. എന്നാല്‍ പെട്ടെന്നുള്ള ഞെട്ടലിലാണ് പെണ്‍കുട്ടി. സത്യങ്ങള്‍ മറച്ചുവച്ച് ബന്ധങ്ങള്‍ തുടരാനാകില്ലെന്ന് വധുവിന്റെ അമ്മാവന്‍ പ്രതികരിച്ചു. അനുനയത്തിന് ശ്രമിച്ചെങ്കിലും വധു തയ്യാറായില്ലെന്നും, ഒടുവില്‍ ഒത്തുതീര്‍പ്പിലേക്ക് എത്തിക്കുകയായിരുന്നുവെന്നും പൊലീസും അറിയിച്ചു. എന്നാല്‍ വധുവിന്റെ നടപടിക്ക് എതിരെ രൂക്ഷമായ വിമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.









