കണ്ണൂരില്‍ ക്രിപ്റ്റോ കറന്‍സിയുടെ പേരില്‍ 22 കാരന് തട്ടിയത് നൂറു കോടി

അബിനാസും കൂട്ടാളികളും
കൂടുതല്‍ പണം കിട്ടും എന്നറിഞ്ഞാല്‍ കിടപ്പാടം വരെ വില്ക്കാന് തയ്യാറുള്ളവരാണ് മലയാളികളില്‍ ഏറെയും. ആട് മാഞ്ചിയം തട്ടിപ്പ് കേസുകള്‍ തുടങ്ങി ഇങ്ങു സോളാര്‍ വരെ നമ്മള് കേട്ടിട്ടുള്ളതാണ്. എന്നാലും വീണ്ടും വീണ്ടും തട്ടിപ്പുകാര്‍ക്ക് കാശ് കൊടുത്തു പെരുവഴിയിലാകാന്‍ മലയാളികള്‍ക്ക് ഭയങ്കര താല്പര്യം ആണ്. അതുകൊണ്ടു തന്നെയാണ് കണ്ണൂരില്‍ ഒരു 22 കാരന് നാട്ടുകാരെ പറ്റിച്ചു 100 കോടിയുമായി മുങ്ങിയത്. തളിപ്പറമ്പ് ചപ്പാരക്കടവ് സ്വദേശി മുഹമ്മദ് അബിനാസും ഇയാളുടെ രണ്ട് സഹായികളുമാണ് മുങ്ങിയത്. നിരവധി പേര്‍ക്ക് ലക്ഷക്കണക്കിന് രൂപ നഷ്ടമായെങ്കിലും ആരും പരാതിയുമായി മുന്നോട്ട് വരാത്തതിനാല്‍ കേസെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു പൊലീസ്. ഒടുവില്‍ തളിപ്പറമ്പ് സ്വദേശിയായ അബ്ദുള്‍ ജലീലിന്റെ പരാതിയിലാണ് മുഹമ്മദ് അബിനാസിനും സഹായി സുഹൈറിനുമെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. കൂടുതല്‍ പേര് വരും ദിവസങ്ങളില്‍ പരാതിയുമായി രംഗത്ത് വരുമെന്നാണ് പൊലീസ് കരുതുന്നത്.
ഭാര്യയുടെ പേരിലുള്ള വസ്തു പണയപ്പെടുത്തി ലഭിച്ച 40 ലക്ഷം രൂപ സുഹൈല്‍ മുഖാന്തിരം മുഹമ്മദ് അബിനാസിന് നല്‍കിയെന്നാണ് ജലീല്‍ നല്കിയ പരാതി. ലാഭ വിഹിതവും കൂട്ടി ഒരു വര്‍ഷം കഴിയുമ്പോള്‍ 50 ലക്ഷം രൂപ കൊടുക്കാമെന്നായിരുന്നു അബിനാസിന്റെ വാഗ്ദാനം. എന്നാല്‍ സമയപരിധി കഴിഞ്ഞിട്ടും പണം കിട്ടിയില്ല. ചോദിച്ചപ്പോള്‍ ഇയാള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് അബിനാസിനെ കാണാതാവുന്നത്. തളിപറമ്പ് കാക്കത്തോടിന് സമീപത്തെ ഷോപ്പിംഗ് കോംപ്ളക്സില്‍ ലോത്ത് ബ്രോക്ക് കമ്യൂണിറ്റിയെന്ന പേരില്‍ ട്രെയ്ഡിംഗ് ബിസിനസ് തുടങ്ങിയായിരുന്നു അബിനാസിന്റെ തട്ടിപ്പ് തുടങ്ങിയത്. ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപം നടത്തിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ വന്‍ തുക ലാഭവിഹിതമായി ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പലരില്‍ നിന്നായി നിക്ഷേപം സ്വീകരിച്ചു. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 13 ദിവസം കൊണ്ട് 30 ശതമാനം ലാഭം സഹിതം തുക തിരിച്ച് നല്‍കുമെന്നായിരുന്നു വാഗ്ദാനം. അബിനാസിന് നേരിട്ട് പണം നല്കുന്ന വര്‍ക്ക് 50 ശതമാനം ലാഭം നല്‍കുമെന്നും വാഗ്ദാനം ചെയ്യാറുണ്ട്.
ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 13- ആമത്തെ ദിവസം 1,30,000രൂപ ലഭിക്കും. ഒരു കോടി രൂപ നിക്ഷേപിച്ചാല്‍ 30 ലക്ഷം രൂപ ലാഭവിഹിതമായി തന്നെ ലഭിക്കും. ആദ്യഘട്ടത്തില്‍ നിക്ഷേപകര്‍ക്ക് കൃത്യമായി മുതല്‍ മുടക്കും ലാഭവും നല്‍കിയിരുന്നു. ഇതോടെ സ്ഥാപനത്തെക്കുറിച്ച് വിശ്വാസം വന്ന നിക്ഷേപകര്‍ കൂടുതല്‍ തുക നിക്ഷേപിക്കാന്‍ തുടങ്ങി. 100 കോടിക്കടുത്ത് രൂപ നിക്ഷേപം ലഭിച്ചതോടെയാണ് ഈ തിങ്കളാഴ്ച അബിനാസ് മുങ്ങിയത്. മുങ്ങിയ ദിവസവും ഒരാളില്‍ നിന്ന് 40 ലക്ഷം രൂപ നിക്ഷേപമായി അബിനാസ് സ്വീകരിച്ചിട്ടുണ്ടെന്നാണ് വിവരം. നിക്ഷേപകര്‍ക്ക് അബിനാസ് നല്കിയ മുദ്ര പേപ്പറുകളും പുറത്ത് വന്നിട്ടുണ്ട്. ഇതില്‍ നിന്നും ഒരു ലക്ഷം മുതല്‍ ഒരു കോടി വരെ നിക്ഷേപിച്ചവര്‍ ഉണ്ടെന്നാണ് മനസിലാക്കുന്നത്. അബിനാസ് വിദേശത്തേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ച സൂചന. ഇയാള്‍ക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഒളിവില്‍ പോയിട്ടും ഇയാള്‍ ഇന്‍സ്റ്റ ഗ്രാം അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. മുങ്ങിയതല്ല എന്നും എല്ലാവരുടെയും പണം തിരിച്ച് തരുമെന്നും പറയുന്ന വീഡിയോകളും അപ് ലോഡ് ചെയ്തിട്ടുണ്ട്.
തളിപ്പറമ്പിലെ ഒരു മാളില്‍ മുറി വാടകയ്ക്കെടുക്കാന്‍ വില കുറഞ്ഞ ബൈക്കിലെത്തിയ 18 കാരനായിരുന്നു നാല് വര്‍ഷം മുന്‍പ് അബിനാസ്. നിക്ഷേപ ബിസിനസ് തുടങ്ങിയതോടെ സഞ്ചാരം ആഢംബര വാഹനങ്ങളിലേക്ക് മാറ്റി. ലക്ഷക്കണക്കിന് രൂപ വിലവരുന്ന ബൈക്കുകള്‍ ഓഡി, ബെന്‍സ്, ഫോര്‍ട്ടൂണര്‍ തുടങ്ങിയ കാറുകള്‍ എന്നിവയും അബിനാസിനുണ്ടായിരുന്നു. ഈ വാഹനങ്ങളില്‍ ഇയാള്‍ മാറി മാറി സഞ്ചരിക്കുകയാണ് പതിവ്. നിക്ഷേപ സമാഹരണ സ്ഥാപനം എന്ന പേരിലുള്ള ഓഫീസ് അത്യാധുനിക സംവിധാനമുള്ളതും മികച്ച രീതിയില്‍ രൂപകല്‍പ്പന ചെയ്തതുമാണ്. കൗണ്ടറുകളില്‍ നിരവധി കമ്പ്യൂട്ടറുകളും ഓഫീസില്‍ ജീവനക്കാരുമുണ്ട്. തിങ്കളാഴ്ച മുതല്‍ ഈ ഓഫീസ് തുറക്കാറില്ല. പ്ലസ് ടൂ വിദ്യാഭ്യാസം മാത്രമുള്ള ഇയാള്‍ ഇത്രയും വലിയ തട്ടിപ്പ് നടത്തിയതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍.