കൊച്ചിയിലും തിരുവനന്തപുരത്തും ആടിത്തിമിര്‍ക്കാന്‍ സംഗീത വിരുന്നുമായി സണ്ണി ലിയോണ്‍

കേരളത്തിലെ യുവാക്കളെ ത്രസിപ്പിക്കാന്‍ ക്ലൗഡ് ബര്‍സ്റ്റ് ഫെസ്റ്റിവലുമായി ഇമാജിനേഷന്‍ ക്യുറേറ്റീവ്സ്. കൊച്ചിയിലും തിരുവന്തപുരത്തും സംഘടിപ്പിക്കുന്ന പരിപാടിയില്‍ ബോളിവുഡ് താരം സണ്ണി ലിയോണും പങ്കെടുക്കുന്നു. ഓഗസ്റ്റ് 13ന് കൊച്ചിയിലും ഓഗസ്റ്റ് 14 ന് തിരുവന്തപുരത്തും നടക്കുന്ന സംഗീത പരിപാടിയായ ക്ലൗഡ് ബര്‍സ്റ്റില്‍ സണ്ണി ലിയോണ്‍ സ്റ്റേജ് ഷോയുമായി കാണികളെ രസിപ്പിക്കും. സംഗീതം, നൃത്തം, സ്റ്റാന്‍ഡ് അപ് ആക്ടുകള്‍ അവതരിപ്പിക്കുന്ന എന്നീ കലാകാരന്മാര്‍ക്കൊപ്പം സംസ്ഥാനതലത്തിലുള്ളവരും ആസ്വാദകരുടെ മനം കവരാനെത്തുന്നുണ്ട്. മൂന്ന് സെഗ്മെന്റുകളായാണ് ക്ലൗഡ് ബര്‍സ്റ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇരുപത്തിയഞ്ചിലധികം കലാകാരന്മാര്‍ ആറുമണിക്കൂര്‍ തുടര്‍ച്ചയായി സ്റ്റേജില്‍ പ്രോഗ്രാമുകളുമായി എത്തും.

പ്രോഗ്രാമിന്റെ അവസാനഘട്ടത്തില്‍ നടക്കുന്ന ഇലക്ട്രോണിക് മ്യൂസിക്കിനനുസരിച്ചാണ് സണ്ണി ലിയോണിയുടെ പെര്‍ഫോമന്‍സ് അരങ്ങേറുക. കേരളത്തില്‍ ആദ്യമായാണ് അവര്‍ ഇത്തരത്തിലുള്ള ഒരുപരിപാടി അവതരിപ്പിക്കുന്നത്. ബ്ലെസ്ലി, ഫെജോ, ഇമ്പാച്ചി, എം.സി. കൂപ്പര്‍ (ജനപ്രിയ ഹിപ്ഹോപ് ഇന്‍ഡി ആര്‍ടിസ്റ്റുകള്‍, അജയ് സത്യന്‍ (സ്റ്റാര്‍ സിംഗര്‍ ഫെയിം), ഫൈസല്‍ റാസി (പൂമരം) ഫെയിം തുടങ്ങി നിരവധി കലാകാരന്മാരുടെ പ്രകടനങ്ങള്‍ ആസ്വദിക്കാനുള്ള വേദിയാണ് ഇമാജിനേഷന്‍ ക്യൂറേറ്റീവ്സ് ഒരുക്കുന്നത്. വൈകിട്ട് നാലിന് ആരംഭിക്കുന്ന പരിപാടി ആരാധകര്‍ക്ക് മികച്ച അനുഭവമായിരിക്കും. കൊച്ചി കഴിഞ്ഞാല്‍ ഈ ടീമിന്റെ അതേ പരിപാടി 14ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അരങ്ങേറും.