വിതുര കല്ലാറില്‍ മൂന്നുപേര്‍ മുങ്ങി മരിച്ചു
പൊന്മുടിക്ക് സമീപം വിതുര കല്ലാര്‍ വട്ടകയത്തില്‍ വിനോദ സഞ്ചാരികള്‍ ഒഴുക്കില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു. ബീമാപ്പള്ളി സ്വദേശികളായ സഫാന്‍, ഫിറോസ്, ജവാദ് എന്നിവരാണ് കയത്തില്‍പ്പെട്ട് മരിച്ചത്. ഇവര്‍ മൂന്നുപേരും ബന്ധുക്കളാണ്. മരിച്ച ഫിറോസ് എസ്എപി ക്യാമ്പിലെ പൊലീസുകാരനാണ്. ബീമാപ്പള്ളിയില്‍ നിന്നുള്ള എട്ടംഗ സംഘത്തില്‍ പെട്ടവരാണ് ഇവര്‍. ഒപ്പമുണ്ടായിരുന്ന 20 കാരിയായ പെണ്‍കുട്ടി കയത്തില്‍ അകപ്പെട്ടപ്പോള്‍ രക്ഷിക്കാനായി വെള്ളത്തിലേക്ക് ചാടിയതാണ് മൂന്ന് പേരുമെന്നാണ് വിവരം. പ്രദേശവാസികളും റിസോര്‍ട്ട് ജീവനക്കാരനും നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചാണ് ഇവര്‍ കയത്തിലിറങ്ങിയതെന്നാണ് ആരോപണം.
മുള്ളുവേലി കെട്ടി അടച്ചത് എടുത്ത് മാറ്റിയാണ് സംഘം കയത്തില്‍ ഇറങ്ങിയത് എന്ന് നാട്ടുകാര്‍ പറയുന്നു. മൃതദേഹങ്ങള്‍ വിതുര ആശുപത്രിയിലേക്ക് മാറ്റി. ആറ് മാസം മുന്‍പും ഇവിടെ അപകടം നടന്നിരുന്നു. ഇവിടെ മുന്‍പും അപകടം നടന്നിട്ടുണ്ട്. വളരെ ആഴമുള്ള ഇടമാണ് ഇത്. എട്ട് പേരുടെ സംഘം പൊന്മുടി പാത തകര്‍ന്നതിനാലാണ് കല്ലാറിലേക്ക് എത്തിയത്. സംഘത്തിലുണ്ടായിരുന്ന പെണ്‍കുട്ടി ആദ്യം കയത്തില്‍ അകപ്പെട്ടു. രക്ഷിക്കാനായി ഒപ്പമുണ്ടായിരുന്ന നാല് പേര്‍ വെള്ളത്തിലേക്ക് ചാടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ കരയ്ക്ക് എത്തിച്ചത്. ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി അപകട നില തരണം ചെയ്തതായാണ് വിവരം. രണ്ട് പുരുഷന്മാരും രണ്ട് ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളുമാണ് സംഘത്തിലുണ്ടായത്.