താന്‍ മുന്നില്‍ വന്നത് ആരെയും ചവിട്ടി താഴ്ത്തിയല്ല ; ശശി തരൂര്‍
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന തന്നെ കൂടുതല്‍ എതിര്‍ക്കുന്നത് കേരളത്തിലെ നേതാക്കളെന്ന് തിരുവനന്തപുരം എം പി ശശി തരൂര്‍. മറ്റൊരാളെ ചവിട്ടി താഴ്ത്തി നേടുന്ന വിജയം വിജയമല്ല. മറ്റൊരാള്‍ക്ക് വിഷം കൊടുത്തോ ചവിട്ടി താഴ്ത്തിയോ വളര്‍ന്ന നേതാവല്ല താനെന്നും തരൂര്‍ ഓര്‍മിപ്പിച്ചു. കെ സി വേണുഗോപാല്‍ തനിക്കെതിരെ പ്രചാരണം നടത്തുന്നുവെന്ന് മാധ്യമങ്ങളില്‍ നിന്നുള്ള അറിവ് മാത്രമേയുള്ളൂ. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ടവരാണെന്നും തരൂര്‍ പറഞ്ഞു.
ഹൈക്കമാന്‍ഡ് ഇറക്കിയ തെരഞ്ഞെടുപ്പ് മാര്‍ഗരേഖ ലംഘിച്ച് പിസിസികളും നേതാക്കളും പെരുമാറുന്നതിനെപ്പറ്റിയുള്ള പരാതി കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞുവെന്നും ശശി തരൂര്‍ പറഞ്ഞു. ഒരു പിസിസിയും നേതാവും ഒരു സ്ഥാനാര്‍ത്ഥിക്കായി പ്രചാരണം പാടില്ലെന്ന് നിര്‍ദേശമുണ്ടെന്നും ഇത് ലംഘിക്കപ്പെടുന്നുണ്ടെന്നും തരൂര്‍ പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഖാര്‍ഗെയാണ് പിന്തുണയ്ക്കുന്നതെന്നും തരൂരിനെ തള്ളിക്കളയുന്നില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. സാധാരണ പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കുന്നവരാണ് നേതൃസ്ഥാനത്ത് വരേണ്ടത്. ഏത് സ്ഥാനാര്‍ത്ഥിയുടെ ആശയത്തോടും ഏത് പ്രവര്‍ത്തകനും ചേര്‍ന്ന് നില്‍ക്കാമെന്നും കെ മുരളീധരന്‍ പറഞ്ഞു.
തരൂര്‍ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളോട് യോജിപ്പുണ്ട്. എന്നാല്‍ തരൂരിന് സാധാരണ ജനങ്ങളുമായി ബന്ധം ഇല്ല. അദ്ദേഹം വളര്‍ന്നു വന്ന സാഹചര്യം അതാണ്. എഐസിസി പ്രസിഡന്റാകാനോ മുഖ്യമന്ത്രിയാകാനോ പ്രധാനമന്ത്രിയാകാനോ തനിക്ക് ആഗ്രഹമില്ല. അതുകൊണ്ട് തരൂരിനോട് അസൂയയില്ലെന്നും മുരളീധരന്‍ പറഞ്ഞു. എന്നാല്‍ വലിയ നേതാക്കളുടെ പിന്തയുണയല്ല പ്രതീക്ഷയെന്ന് ശശി തരൂര്‍ പ്രതികരിച്ചു. സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരാണ് ലക്ഷ്യം. പാര്‍ട്ടിക്കുള്ളില്‍ പ്രവര്‍ത്തകരെ കേള്‍ക്കാന്‍ ആരുമില്ല എന്ന് പ്രവര്‍ത്തകര്‍ക്ക് തോന്നരുതെന്നും തരൂര്‍ തുറന്നടിച്ചു.








