മ്യൂസിയം വളപ്പില്‍ വനിതയോട് ലൈംഗികാതിക്രമം ; പ്രതി മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ എന്ന് സംശയം
മ്യൂസിയം വളപ്പില്‍ പ്രഭാത നടത്തത്തിനെത്തിയ വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച സംഭവത്തില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവര്‍ കസ്റ്റഡിയില്‍. ഇയാള്‍ ഇന്നലെ മുതല്‍ പോലീസ് നിരീക്ഷണത്തില്‍ ആയിരുന്നു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മലയിന്‍കീഴ് സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് സ്ത്രീക്ക് നേരെ മ്യൂസിയം വളപ്പിനുളളില്‍ വെച്ച് ലൈംഗികാതിക്രമം ഉണ്ടായത്.സംഭവത്തില്‍ പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരുന്നു. കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
ടാക്സി ഓട്ടം കഴിഞ്ഞു മടങ്ങി തിരുവനന്തപുരത്തെത്തിയ ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു. നിലവില്‍ കന്റോണ്‍മെന്റ് എസിപിയുടെ നേതൃത്വത്തില്‍ ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. അക്രമി സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പൊലീസിന് ചില നിര്‍ണായക വിവരം ലഭിച്ചിരുന്നു. അതേസമയം മ്യൂസിയത്തില്‍ വനിതാ ഡോക്ടറെ ആക്രമിച്ച ആള്‍ തന്നെയാണ് കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ചു കയറിയതെന്നും പൊലീസ് സ്ഥിരീകരിക്കുന്നു.
പൊലീസ് നിഗമനം ഇങ്ങനെയാണ്. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം ടെന്നീസ് ക്ലബിന് സമീപം വാഹനം നിര്‍ത്തിയിട്ട ശേഷം നടന്നു പോയാണ് അക്രമി കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമം കാട്ടിയത്. അതിന് ശേഷം വാഹനമെടുത്ത് മ്യൂസിയത്തില്‍ എത്തി. തുടര്‍ന്നാണ് വനിതാ ഡോക്ടര്‍ക്കു നേരെ ലൈഗിംകാതിക്രമം നടത്തി. അവിടെ നിന്ന് വീണ്ടും നഗരത്തിലെ പല വഴികളിലൂടെ സഞ്ചരിച്ച് ഇയാള്‍ വാഹനവുമായി പോയത് ടെന്നീസ് ക്ലബിന് സമീപത്തേക്കാണ്. പിറ്റേന്ന് രാവിലെ ഇവിടെ നിന്ന് വാഹനം എടുത്തു കൊണ്ടു പോകുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.