സിനിമാ സീരിയല്‍ താരം ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തു
സിനിമാ സീരിയല്‍ താരമായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂഴിക്കാട് സ്വദേശിനി ആശ (38 ) ആണ് മരിച്ചത്. പൂഴിക്കാട്ടെ വസതിയിലാണ് ആശയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെ കാണാനില്ലെന്ന് ഉല്ലാസ് പൊലീസിനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പന്തളത്തെ വീട്ടിലെത്തിയ പൊലീസാണ് ആശയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ മുകള്‍നിലയിലെ മുറിയിലായിരുന്നു. ആശയും കുട്ടികളും രാത്രി മുകള്‍ നിലയിലാണ് കിടന്നിരുന്നത് എന്ന് പൊലീസ് പറയുന്നു. സംഭവം നടക്കുമ്പോള്‍ ഉല്ലാസ് വീട്ടിലുണ്ടായിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ചു വരികയാണ്. സിനിമകളിലും ടെലിവിഷന്‍ കോമഡി ഷോകളിലും പ്രശസ്തനാണ് ഉല്ലാസ്.ഈയിടയാണ് ഇവര്‍ പുതിയ വീട്ടിലേക്ക് താമസം മാറിയത്. മൃതദേഹം അടൂര്‍ ഗവ. ആശുത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രണ്ട് മക്കളുണ്ട്.
അതേസമയം മരണത്തില്‍ സംശയം ഒന്നുമില്ല എന്ന് ഉല്ലാസ് പന്തളത്തിന്റെ ഭാര്യാപിതാവ് ശിവാനന്ദന്‍. മാനസികമായ എന്തെങ്കിലും അസ്വസ്ഥകാരണമാകാം മകള്‍ ആശ ജീവനൊടുക്കിയതെന്നാണ് കരുതുന്നതെന്നും തനിക്കോ കുടുംബത്തിനോ ഉല്ലാസിനെതിരേ പരാതിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ച രാവിലെയും വൈകുന്നേരവും മകളുമായി ഫോണില്‍ സംസാരിച്ചിരുന്നതായി ആശയുടെ പിതാവ് പറയുന്നു. ഉല്ലാസിനെക്കുറിച്ച് നല്ല അഭിപ്രായം മാത്രമാണുള്ളത്. ഏതാനുംദിവസങ്ങള്‍ക്ക് മുമ്പാണ് ഉല്ലാസ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്.
വീട്ടിലെത്തിയതിന് പിന്നാലെ ഭാര്യയുമായി ചെറിയ പിണക്കമുണ്ടായെന്നാണ് വിവരം. ഇതിനുശേഷം ആശ മക്കള്‍ക്കൊപ്പം മുകള്‍നിലയിലെ മുറിയില്‍ കിടക്കാന്‍ പോയെന്നാണ് ഉല്ലാസ് കരുതിയിരുന്നത്. എന്നാല്‍ അല്പസമയത്തിന് ശേഷം ഉല്ലാസ് മുകള്‍നിലയിലെ മുറിയില്‍ എത്തിയപ്പോള്‍ ഭാര്യയെ കുഞ്ഞുങ്ങള്‍ക്കൊപ്പം കണ്ടില്ല. തുടര്‍ന്ന് വീട്ടിലെ മറ്റുമുറികളും പരിസരവും പരിശോധിച്ചു. ഇതിനുപിന്നാലെയാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് ഒന്നാംനിലയിലെ ടെറസില്‍ ഷീറ്റിട്ട ഭാഗത്ത് തൂങ്ങിനില്‍ക്കുന്ന നിലയില്‍ ആശയെ കണ്ടെത്തിയത്. ഉണങ്ങാനിട്ട തുണികള്‍ക്കിടയിലാണ് ആശ തൂങ്ങിമരിച്ചതെന്നാണ് വിവരം. ഇതുകാരണമാകാം ആദ്യപരിശോധനയില്‍ ശ്രദ്ധയില്‍പ്പെടാതിരുന്നതെന്നും കരുതുന്നു.