ഭാരതത്തെ പ്രകീര്‍ത്തിച്ചും ഭാരതമക്കളില്‍ പ്രതീക്ഷ അര്‍പ്പിച്ചും ഓസ്ട്രിയ: പ്രമൂഖ ദേശിയ മാധ്യമത്തില്‍ ശ്രദ്ധേയമായ ലേഖനങ്ങള്‍

വിയന്ന: അമേരിക്ക, ചൈന, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് ശേഷം നാലാമത്തെ ആഗോള സാമ്പത്തിക ശക്തിയായി തീരുന്ന ഇന്ത്യയുടെ നിലവിലെ മുന്നേറ്റത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക നയ കേന്ദ്രീകരണത്തിലും ഉദാരവല്‍ക്കരണത്തിലും ഉണ്ടായിരിക്കുന്ന മാറ്റങ്ങളെയും പ്രകീര്‍ത്തിച്ചാണ് ഓസ്ട്രിയയിലെ ജര്‍മ്മന്‍ ഭാഷാദിനപത്രമായ ‘ദി പ്രെസ്സെ’ ലേഖനം പുറത്ത് വിട്ടിരിക്കുന്നത്.

ഇന്ത്യയുടെ മാനവവിഭവ ശേഷിയും വിപണിയും ഏറെ പ്രതീക്ഷാനിര്‍ഭരമാണെന്നും, ഓസ്ട്രിയന്‍ സമ്പദ്വ്യവസ്ഥയെ ആകര്‍ഷിക്കാന്‍ തക്ക സവിശേഷത ഇന്ത്യന്‍ വിപണിക്കുണ്ടെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയം പുതിയ മൈഗ്രേഷന്‍ കരാറിന്റെ പണിപ്പുരയിലാണെന്നും ലേഖനം തുടര്‍ന്ന് പറയുന്നു.

ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഓസ്ട്രിയയിലെ വിദേശകാര്യ മന്ത്രി അലക്‌സാണ്ടര്‍ ഷാളന്‍ബര്‍ഗ്ഗും പുതുവത്സരത്തില്‍ വിയന്നയില്‍ സമ്മേളിക്കുകയും ഇരുരാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ബന്ധം ദൃഢപ്പെടുത്തുന്നതിനായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. അതേസമയം ഇരു രാജ്യങ്ങളുടെയും മന്ത്രിമാര്‍ കഴിഞ്ഞ വര്‍ഷം മ്യൂണിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സിലും ന്യൂയോര്‍ക്കിലെ യുഎന്‍ ജനറല്‍ അസംബ്ലി ഉള്‍പ്പെടെ സമ്മേളനങ്ങളില്‍വച്ച് നാല് തവണ നേരിട്ട് കണ്ടിരുന്നു. 2022 മാര്‍ച്ചില്‍, ഉക്രെയ്ന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട് ഏതാനും ആഴ്ചകള്‍ക്കുശേഷം, ഷാലെന്‍ബെര്‍ഗ് ഡല്‍ഹിയിലേക്ക് എത്തിയും ബന്ധം സുദൃഢമാക്കിയിരുന്നു.

പാശ്ചാത്യ കമ്പനികള്‍ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം ബീജിംഗില്‍ നിന്ന് കൂടുതല്‍ സ്വതന്ത്രമായി പുതിയ നിക്ഷേപങ്ങളുമായി മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേയ്ക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നതായും ഈ മാറ്റത്തിന്റെ പ്രധാന ഗുണഭോക്താവ് ഇന്ത്യയാണെന്നും ഉദ്ദരിച്ച ഹാര്‍വാര്‍ഡ് സാമ്പത്തിക വിദഗ്ധന്‍ കെന്നത്ത് റോഗോഫിന്റെ പ്രസ്താവനകളും ലേഖനത്തില്‍ അനുബന്ധമാകുന്നുണ്ട്. എന്നാല്‍ സാമ്പത്തികമായി, ഇന്ത്യന്‍ ഉപഭൂഖണ്ഡം ഇപ്പോഴും ഉറങ്ങുന്ന ഭീമാകാരനായയും മറ്റു റിപ്പോര്‍ട്ടുകളില്‍ കണക്കാക്കപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം ഡല്‍ഹിലെ രാഷ്ട്രീയം മോസ്‌കോയുമായി ബന്ധം പുലര്‍ത്തുകയും ചൈനയ്ക്കെതിരെ യുഎസ്എയുമായി സഖ്യമുണ്ടാക്കുകയും ചെയ്യുന്നത്തിന്റെ വശങ്ങളും ലേഖനം പറഞ്ഞുവയ്ക്കുന്നു. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായും, ആണവോര്‍ജ്ജശക്തിയായും, സൂപ്പര്‍ പവറുകളുടെ ഒളിമ്പസില്‍ ഇടം നേടാനുള്ള ലോകത്തിലെ ഏറ്റവും വലിയ മത്സരാര്‍ത്ഥിയായും ഇന്ത്യയെ കാണുന്നതോടൊപ്പം, ജി-20 പ്രസിഡന്‍സി കയ്യാളുന്ന ഡല്‍ഹിയ്ക്ക് ഉന്നതമായ ലക്ഷ്യങ്ങളുമായി ലോകത്തെ മാറ്റിമറിക്കാന്‍ സാധിക്കുമോ എന്നും, ഭൂമിയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം അഭിവൃദ്ധിക്കായി പരിശ്രമിക്കുമ്പോള്‍ മറ്റൊരു ചിനയ്യായി ഇന്ത്യ തീരുമ്പോള്‍ ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാന പ്രതിസന്ധിയും ഇപ്പോഴും പെട്ടിയില്‍ ജീവിക്കുന്ന ജന വിഭാഗത്തിന്റെ ഉയര്‍ച്ചയും ഇന്ത്യയുടെ വഴി നിര്‍ണ്ണയിക്കുമെന്നും ലേഖനം പറഞ്ഞുവയ്ക്കുന്നുണ്ട്.

എന്തായാലും ഇന്ത്യയിലെ ചേരികളെക്കുറിച്ചും, ദാരിദ്ര്യത്തെക്കുറിച്ചും, മനുഷ്യരെക്കുറിച്ചുള്ള ദയനീയ കഥകള്‍ മാത്രം എഴുതിയിരുന്ന വിദേശ മാധ്യമങ്ങള്‍ മാറുന്ന ഇന്ത്യയെക്കുറിച്ചും, ലോകഭൂപടത്തില്‍ ഇന്ത്യന്‍ സ്ഥാനം ഉയരുന്നതും എഴുതാന്‍ തുടങ്ങിയിരിക്കുന്നു.

ഓസ്ട്രിയയിലെ മികച്ച എഡിറ്റോറിയല്‍ ടീമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ‘ദി പ്രെസ്സെ’യില്‍ 1860-കളുടെ തുടക്കത്തില്‍ അമേരിക്കയിലെ ആഭ്യന്തരയുദ്ധകാലത്തെക്കുറിച്ച് കാള്‍ മാര്‍ക്‌സും ഫ്രെഡറിക് ഏംഗല്‍സും ലേഖന പരമ്പരകള്‍ തന്നെ എഴുതുകയും പിന്നീട് അത് The Civil War in the United States എന്ന പുസ്തകമായി പബ്ലിഷും ചെയ്തിട്ടുമുണ്ട്.

വിവരങ്ങള്‍ക്ക് കടപ്പാട്: ജോബി ആന്റണി