യുകെയെ പിന്തള്ളി ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ

യു കെയെ പിന്തള്ളി ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയെന്ന് റിപ്പോര്‍ട്ട്. 2021-ന്റെ അവസാന മൂന്ന് മാസങ്ങളിലാണ് രാജ്യം ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയത്. യുകെയെ ആറാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു നേട്ടം. യുകെയെ ഉയര്‍ന്ന ജീവിതച്ചെലവ് പിടിമുറുക്കിയ സമയത്തായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. സമ്പദ്വ്യവസ്ഥയുടെ കാര്യത്തില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യ യുകെയെ പിന്നിലാക്കുന്നത്. ഇതിന് മുമ്പ് 2019ലാണ് ഇന്ത്യ യുകെയെ മറികടന്നത്.

ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച്, മാര്‍ച്ചില്‍ അവസാനിച്ച അവസാന പാദത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ‘നാമമാത്ര’ മൂല്യം 854.7 ബില്യണ്‍ ഡോളറായിരുന്നു. അതേസമയം യുകെയില്‍ ഇത് 814 ബില്യണ്‍ ഡോളറായിരുന്നു. പ്രസ്തുത പാദത്തിന്റെ അവസാന ദിവസത്തിലെ ഡോളര്‍ വിനിമയ നിരക്ക് അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കിയിരിക്കുന്നത്. യുഎസ് ഡോളര്‍ അടിസ്ഥാനത്തിലാണ് ഈ കണക്കുകളുള്ളത്. അന്താരാഷ്ട്ര നാണയ നിധിയുടെ ജിഡിപി കണക്കുകള്‍ പ്രകാരം നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലും ഇന്ത്യ ലീഡ് നിലനിര്‍ത്തിയിരുന്നു.

കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും വേഗത്തിലുള്ള പണപ്പെരുപ്പത്തിനാണ് യുകെ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. കൂടാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ റിപ്പോര്‍ട്ട് പ്രകാരം 2024 വരെ നീണ്ടുനില്‍ക്കുന്ന മാന്ദ്യ ഭീഷണിയും രാജ്യം നേരിടുന്നുണ്ട്. അതേസമയം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഈ വര്‍ഷം 7 ശതമാനത്തിലധികം വളര്‍ച്ച നേടുമെന്നാണ് കണക്കുകൂട്ടല്‍. ഈ പാദത്തിലെ ഇന്ത്യന്‍ ഓഹരികളുടെ തിരിച്ചുവരവ് എംഎസ്സിഐ എമര്‍ജിംഗ് മാര്‍ക്കറ്റ് ഇന്‍ഡക്സില്‍ രാജ്യത്തെ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ത്തിയതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സമ്പദ്വ്യവസ്ഥയുടെ കാര്യത്തില്‍ ഇന്ത്യ ഇപ്പോള്‍ അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മ്മനി എന്നിവയ്ക്ക് പിന്നിലാണുള്ളത്. 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകളില്‍ ഇന്ത്യയുടെ സ്ഥാനം 11-ാമത് ആയിരുന്നു. അതേസമയം യുകെ അന്ന് 5-ാം സ്ഥാനത്തായിരുന്നു. ഈ വര്‍ഷം ഡോളര്‍ മൂല്യത്തില്‍ യുകെയെ ഇന്ത്യ മറികടക്കുമെന്ന് ഐഎംഎഫ് വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം ഇതുവരെ ഇന്ത്യന്‍ രൂപയ്ക്കെതിരെ പൗണ്ടിന്റെ മൂല്യം 8 ശതമാനം ഇടിഞ്ഞു.