മാമുക്കോയ അന്തരിച്ചു: വിടവാങ്ങിയത് മലബാറിന്റെ ജാനകിയ നടന്‍

കോഴിക്കോട്: നടന്‍ മാമുക്കോയ അന്തരിച്ചു. 76 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം സംഭവിച്ചത്.

ഈ മാസം 24 ന് കാളികാവില്‍ ഒരു ഫുട്ബോള്‍ മത്സരം ഉദ്ഘാടനം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലാക്കി.

ഹൃദയാഘാതത്തിന് പുറമെ തലച്ചോറില്‍ രക്തസ്രാവവും ഉണ്ടായതാണ് മാമുക്കോയയുടെ ആരോഗ്യനില വഷളായത്. കഴിഞ്ഞ രണ്ടു ദിവസമായി മാമുക്കോയ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.

നാടകനടനായിട്ടായിരുന്നു മാമുക്കോയ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. 1979 ല്‍ അന്യരുടെ ഭൂമി ആണ് ആദ്യ സിനിമ. സത്യന്‍ അന്തിക്കാടിന്റെ സിനിമകളിലൂടെയാണ് മാമുക്കോയ ജനകീയ നടനായി വളര്‍ന്നത്.

മലയാള സിനിമയില്‍ എന്നും പ്രേക്ഷകരെ ചിരിപ്പിച്ച് മാത്രം അരങ്ങില്‍ നിറഞ്ഞ നടനാണ് മാമുക്കോയ. ചിരിയുടെ ഉസ്താദ് വിടവാങ്ങുമ്പോള്‍ നികത്താനാകാത്ത നഷ്ടമാണ് മലയാള സിനിമാ മേഖലയ്ക്ക്. കോഴിക്കോടന്‍ ഭാഷയില്‍ ഹാസ്യപ്രധാനമായ റോളുകള്‍ മികച്ച കൈയടക്കത്തോടെ ചെയ്തുവന്ന ഹാസ്യനടന്‍ എന്ന നിലയിലും സ്വഭാവനടന്‍ എന്ന നിലയിലും മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ചേക്കെറി.

സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി സിനിമയിലെ ഹാസ്യാഭിനയത്തിന് പുരസ്‌കാരം ഏര്‍പ്പെടുത്തിയപ്പോള്‍ ആ വര്‍ഷം ലഭിച്ചത് മാമുക്കോയയ്ക്കായിരുന്നു.

ചാലിക്കണ്ടിയില്‍ മുഹമ്മദിന്റെയും ഇമ്പിച്ചി ആയിഷയുടെയും മകനായി 1946 ജൂലൈ 5ന് കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിലാണ് മാമുക്കോയയുടെ ജനനം. കോഴിക്കോട് എം എം ഹൈസ്‌കൂളില്‍ നിന്ന് പത്താംക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

പഠനശേഷം കല്ലായിയില്‍ മരമളക്കുന്ന ജോലിയില്‍ പ്രവേശിച്ചു. നാടകാഭിനയത്തിലും നിറഞ്ഞുനിന്ന മാമുക്കോയനാടകവും ജോലിയും ജീവിതത്തില്‍ ഒരുമിച്ചു കൊണ്ടുപോയതായിരുന്നു അദ്ദേഹത്തിന്റെ വിജയം.