സംവിധായകനും ക്യാമറമാനും അടിച്ചു പിരിഞ്ഞു; തൃശ്ശൂര്‍ വിട്ട് പോകാന്‍ ഭീഷണിയും
തൃശ്ശൂര്‍: സംവിധായകനും ഛായഗ്രാഹകനുമായ വേണുവിന് ഭീഷണി. നടന്‍ ജോജു ജോസഫ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ നിന്ന് ഒഴിവാക്കിയതിനു പിന്നാലെയാണ് ഭീഷണി. താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെ ഫോണില്‍ വിളിച്ച് ഉടന്‍ തൃശ്ശൂര്‍ വിട്ട് പോകണമെന്നും ഇല്ലെങ്കില്‍ വിവരമറിയുമെന്നായിരുന്നു ഭീഷണി. ഭീഷണി സന്ദേശത്തിനു പിന്നാലെ വേണു ഇക്കാര്യം സംബന്ധിച്ച് പോലീസിന് പരാതി നല്‍കി. തൃശ്ശൂര്‍ ഈസ്റ്റ് പോലീസിലിലാണ് പരാതി നല്‍കിയത്. ഭീഷണി വന്ന സമയത്ത് ഹോട്ടലിലേക്ക് വന്ന കോളുകളുടെ നമ്പര്‍ ശേഖരിച്ച് പരിശോധന നടത്താനാണ് പോലീസ് നീക്കം.
ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള തിരക്കിലായതിനാല്‍ പോലീസന്റെ അന്വേഷണം ആരംഭിച്ചിട്ടില്ലെന്ന് ഈസ്റ്റ് പോലീസ് പറഞ്ഞു.ജോജു ജോസഫ് സംവിധാനം ചെയ്യുന്ന പണി എന്ന ചിത്രത്തില്‍ നിന്നാണ് വേണുവിനെ ഒഴിവാക്കിയത്. ജോജുവും വേണുവും തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായതിനെ തുടര്‍ന്നാണ് ഒഴിവാക്കാന്‍ തീരുമാനിച്ചത്. ചിത്രം നിര്‍മ്മിക്കുന്നതും ജോജു തന്നെയാണ്.
കഴിഞ്ഞ ദിവസം തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ നടന്ന ചിത്രീകരണത്തിനിടെ ഇരുവരും തമ്മിലുള്ള വാക്കേറ്റം കയ്യാങ്കളിയുടെ വക്കോളം എത്തിയിരുന്നു. ഇതേതുടര്‍ന്നാണ് വേണുവിനെ മാറ്റാന്‍ തീരുമാനിച്ചത്. ‘ഇരട്ട’ എന്ന ചിത്രത്തിന്റെ ക്യാമറമാനായ വിജയ് ആണ് ചിത്രത്തിന്റെ പുതിയ ഛായഗ്രാഹകന്‍. 60 ദിവസത്തോളം ചിത്രീകരണം ബാക്കി നില്‍ക്കെയാണ് വേണുവിനെ മാറ്റിയിരിക്കുന്നത്. പുതിയ ഛായഗ്രാഹകന്റെ നേതൃത്വത്തില്‍ സിനിമയുടെ ചിത്രീകരണം പുനരാംഭിച്ചിട്ടുണ്ട്.