ഇന്ത്യയില്‍ അരി കയറ്റുമതി നിരോധനം; യുറോപ്പിലടക്കം ഇന്ത്യന്‍ കടകളില്‍ വന്‍തിരക്ക്
ലണ്ടന്‍: അരിയുടെ കയറ്റുമതി നിരോധനം വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാരെ തെല്ലൊന്നുമല്ല വലയ്ക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ അരിയുടെ വിലക്കയറ്റം കുറയ്ക്കുന്നതിനും മതിയായ ലഭ്യത ഉറപ്പാക്കുന്നതിനും കയറ്റുമതി നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നതിന്റെ വെളിച്ചത്തിലാണ് ഇത്.
അരിയുടെ നിരോധനം യൂറോപ്യന്‍ രാജ്യങ്ങളിലെ ഇന്ത്യക്കാരെയാണ് ഏറെ ബുദ്ധിമുട്ടിച്ചിരിക്കുന്നത്. യുകെ, അയര്‍ലണ്ട്, അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ അരി വാങ്ങിക്കൂട്ടാന്‍ വന്‍തിരക്കാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യന്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലാണ് തിരക്ക് കൂടുതല്‍. അമേരിക്കയടക്കമുള്ള വിദേശ രാജ്യങ്ങളില്‍ മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ ഇന്ത്യന്‍ കടകള്‍ക്കും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും മുന്നില്‍ ക്യൂ നില്‍ക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
ഇന്ത്യയിലെയും ചൈനയിലെയും പ്രളയവും യുക്രെയ്നില്‍ നിന്നുള്ള അരി കയറ്റുമതിക്ക് റഷ്യ കൊണ്ടുവന്ന നിയന്ത്രണവും മൂലം ഇന്ത്യയില്‍ അരിവില കുതിക്കുമെന്നു മുന്‍കൂട്ടി കണ്ടാണ് കയറ്റുമതി നിരോധിച്ചതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം ഒരു കോടി ടണ്‍ ബസുമതി ഇതര അരിയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഈ വര്‍ഷം ലോകത്തെ 87 ലക്ഷം ടണ്‍ കുറയുമെന്നാണ് വിലയിരുത്തല്‍. അതേസമയം നിബന്ധനകള്‍ക്ക് വിധേയമായാണ് നിലവിലുള്ള സ്റ്റോക്കുകള്‍ വില്‍ക്കുന്നതെന്നും വില കൂട്ടിയതായും ആക്ഷേപം ഉയരുന്നുണ്ട്.
ലോകത്തെ അരി കയറ്റുമതിയുടെ 40 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. 2022 ല്‍ 55.4 ദശലക്ഷം മെട്രിക് ടണ്‍ ആയിരുന്നു ഇന്ത്യയുടെ അരി കയറ്റുമതി. ഇന്ത്യയില്‍ നിന്നും 140 ല്‍പ്പരം രാജ്യങ്ങളിലേക്കാണ് അരി കയറ്റുമതി ചെയ്തിരുന്നത്.