പുതിയ നിയമബില്ലില്‍ പെറ്റിക്കേസുകള്‍ക്ക് ശിക്ഷ സമൂഹസേവനം

ന്യൂഡല്‍ഹി: ക്രിമിനല്‍നിയമങ്ങളെ പരിഷ്‌കരിക്കാന്‍ കേന്ദ്രം കൊണ്ടുവന്ന പുതിയ ബില്ലുകള്‍ പ്രാബല്യത്തിലായാല്‍ അപകീര്‍ത്തി ഉള്‍പ്പെടെയുള്ള പെറ്റിക്കേസുകളില്‍ സമൂഹസേവനം ബദല്‍ശിക്ഷയാവും. രണ്ടുവര്‍ഷംവരെ പരമാവധി തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ അപകീര്‍ത്തിക്കേസിലുള്‍പ്പെടെ ബദല്‍ശിക്ഷയായി സമൂഹസേവനം നിര്‍ദേശിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.
എന്നാല്‍, ഇത് കോടതിയുടെ വിവേചനാധികാരമാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം 130 ദിവസം നഷ്ടമാകാന്‍ കാരണമായത് അപകീര്‍ത്തിവകുപ്പുപ്രകാരമായിരുന്നു.

പൊതുസേവകര്‍ നിയമവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, കോടതി നോട്ടീസിന് ഹാജരാകാതിരിക്കുക, 5000 രൂപയില്‍ താഴെ വിലയുള്ള വസ്തുവകകളുടെ മോഷണം, മദ്യലഹരിയില്‍ അതിക്രമിച്ചുകടക്കല്‍ തുടങ്ങിയവയ്ക്ക് ബദല്‍ശിക്ഷയായി സമൂഹസേവനം നിര്‍ദേശിക്കുന്നുണ്ട്.

ഇന്ത്യയില്‍ സമൂഹസേവനം ഒരു ശിക്ഷയായി നിര്‍ദേശിക്കുന്ന ഏകനിയമം ജുവനൈല്‍ ജസ്റ്റിസ് ആക്ടാണ്. ഈ നിയമത്തിലെ സെക്ഷന്‍ 18(1)(സി) പ്രകാരം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് ഉചിതമാണെന്ന് തോന്നുന്നുണ്ടെങ്കില്‍ കുറ്റവാളിക്ക് സമൂഹസേവനം നല്‍കാം. യു.കെ., യു.എസ്., ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളില്‍ സമൂഹസേവനശിക്ഷ സാധാരണമാണ്. യു.കെ.യില്‍ 2019-ല്‍മാത്രം 80,039 പേരെ ഇത്തരത്തില്‍ ശിക്ഷിച്ചിട്ടുണ്ട്.