അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുന്ന സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും ?’ : ഭാഗ്യലക്ഷ്മി

അലന്‍സിയറിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. അദ്ദേഹത്തിനെതിരെ മീ ടൂ ആരോപണം ഉള്‍പ്പെടെ ഉണ്ടായിട്ടുണ്ടെന്നും അതൊക്കെ സമൂഹം നിസ്സാരമായി എടുത്തതിന്റെ പ്രതിഫലനമാണ് ഇപ്പോള്‍ കാണുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

സ്ത്രീ വിരുദ്ധത സംസാരികുന്നവര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വല്യ കൈയടി കിട്ടുന്നുണ്ട് . ആ ധൈര്യത്തിലാണ് ഇങ്ങനെ സംസാരിക്കുന്നതെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി. വേദിയില്‍ ഉണ്ടായിരുന്ന ആരും തന്നെ ഇതിനെതിരെ പ്രതികരിച്ചില്ല എന്നത് ഭയം തോന്നുന്നതും ലജ്ജ തോന്നുന്നതുമായ കാര്യമാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. മികച്ച നടിയും മികച്ച ഗായികയും ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ വേദിയില്‍ ഉണ്ടായിരുന്നു. അവര്‍ പോലും പ്രതികരിച്ചില്ല. എല്ലാവരുടെയും മൗനാനുവാദമാണ് അവിടെ കിട്ടുന്നത്.

‘സ്ത്രീയുടെ രൂപത്തിലുള്ള ശില്പം കാണുമ്പോള്‍ അദ്ദേഹത്തിന് പ്രലോഭനം തോന്നുന്നുണ്ടെങ്കില്‍ ഒരു സ്ത്രീയെ കാണുമ്പോള്‍ എന്തായിരിക്കും തോന്നുക ? അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുന്ന സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും ? ചലിക്കാത്ത പ്രതിമ പോലും അദ്ദേഹത്തെ പ്രലോഭിപ്പിക്കുന്നു. വായില്‍ തോന്നുന്നത് വിളിച്ചു പറയുന്നത് മര്യാദയല്ല. ശുദ്ധ വിവരക്കേടാണ്. അദ്ദേഹത്തിന് സ്ത്രീശല്പം വാങ്ങാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ വാങ്ങിയ ശില്‍പം തിരിച്ചു കൊടുക്കട്ടെ. ഇങ്ങനെയൊക്കെ സംസാരിക്കാന്‍ നാണമില്ലേ ?’ – ഭാഗ്യലക്ഷ്മി.

സര്‍ക്കാര്‍ വിഷയം ഗൗരവമായി തന്നെ എടുക്കണമെന്ന് പറഞ്ഞ ഭാഗ്യലക്ഷ്മി ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി. കാണികള്‍ കൈയടിച്ചതില്‍ വലിയ അത്ഭുതമൊന്നും തോന്നുന്നില്ല, ബസ്സില്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ പ്രതിക്ക് ജാമ്യം കിട്ടിയപ്പോള്‍ മാലയിട്ട് സ്വീകരിച്ച നാടാണിതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.