ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൗരത്വ ഭേദഗതി നിയമം ഉടന്‍ നടപ്പാക്കാന്‍ കേന്ദ്രം

2024ലെ നിര്‍ണായക ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. പൗരത്വം അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉടന്‍ സജ്ജമാക്കും. സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ ഇല്ലാതെ പൗരത്വം നല്‍കാനാണ് നീക്കം.

2019 ഡിസംബര്‍ 10ന് ലോക്സഭയിലും, രാജ്യസഭയില്‍ ഡിസംബര്‍ 11നുമാണ് പൗരത്വ ഭേദഗതി ബില്‍ പാസായത്. 2020 ജനുവരി 10ന് കേന്ദ്രം നിയമം നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയെങ്കിലും ഭേദഗതി ചെയ്തിരുന്നില്ല. ഭേദഗതിക്കനുസരിച്ച് പൗരത്വത്തിന് അപേക്ഷിക്കാന്‍ പോര്‍ട്ടല്‍ സജ്ജമാക്കും. വിവരങ്ങള്‍ നല്‍കുന്നതില്‍ സംസ്ഥാനങ്ങളുടെ ഇപെടല്‍ ഒഴിവാക്കും.

കേരളം, ബംഗാള്‍, രാജസ്ഥാന്‍ അടക്കമുള്ള പ്രതിപക്ഷ സംസ്ഥാനങ്ങള്‍ പൗരത്വ ഭേദഗതിയെ എതിര്‍ത്തിരുന്നു. പൗരത്വ ഭേദഗതിയെ ചൊല്ലി രാജ്യ വ്യാപക പ്രക്ഷോഭം ആരംഭിച്ചതും തുടര്‍നടപടികള്‍ വൈകുന്നതിന് കാരണമായി. എന്നാല്‍ കോവിഡ് വ്യാപനം കാരണമാണ് നടപടികള്‍ വൈകിയത് എന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിം വിഭാഗങ്ങള്‍ ഒഴികെ ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജെയ്ന്‍, പാഴ്സി, ക്രിസ്ത്യന്‍ മത വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് നിയമം. തുടര്‍നടപടികള്‍ ആരംഭിച്ചതോടെ അയോധ്യയിലെ രാമ ക്ഷേത്രം കൂടാതെ പൗരത്വ ഭേദഗതി നിയമവും ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രധാന പ്രചരണ വിഷയമാകും.