2024 ഇന്റര്‍ പാരീഷ് സ്പോര്‍ട്സ് ഫെസ്റ്റിവല്‍ കിക്കോഫ്: ഹൂസ്റ്റണ്‍ സെന്റ് ജോസഫില്‍ പ്രൗഢഗംഭീരം
മാര്ട്ടിന് വിലങ്ങോലില്‍
ഹൂസ്റ്റണ്‍: ചിക്കാഗോ സിറോ മലബാര്‍ രൂപതയിലെ ടെക്സാസ് ഒക്ലഹോമ റീജണിലെ ഇടവകകള്‍ ചേര്‍ന്ന് 2024 ആഗസ്ത് 1, 2, 3 തീയതികളില്‍ നടത്തുന്ന അഞ്ചാമത് ഇന്റര്‍ പാരീഷ് സ്പോര്‍ട്സ് (ഐപിഎസ്എഫ്) ഫെസ്റ്റിന്റെ കിക്കോഫ് ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫൊറോനാ ദേവാലയ ഓഡിറ്റോറിയത്തില്‍ നടന്നു.
IPSF 2024 ചെയര്‍മാനും ഇടവക വികാരിയുമായ വികാരി: റവ.ഫാ.ജോണിക്കുട്ടി ജോര്‍ജ് പുലിശ്ശേരി അസിസ്റ്റന്റ് വികാരി ഫാ.ജോര്‍ജ് പാറയില്‍, റീജണല്‍ കോ ഓര്ഡിനേറുമാരായ സിജോ ജോസ്, ടോം കുന്തറ, ട്രസ്റ്റിമാരായ ഷിജോ തെക്കേല്‍, പ്രിന്‍സ് ജേക്കബ്, വര്‍ഗീസ് കല്ലുവെട്ടാംകുഴി, ഫിലിപ്പ് പായിപ്പാട്ട്, ഉപദേശക സമിതി അംഗങ്ങളായ ബാബു മാത്യു, വിനോദ് ജോസഫ്, ഫൈനാന്‍സ് ചെയര്‍ ബോസ് കുര്യന്, മുഖ്യ സ്പോണ്സര് ജിബി പാറക്കല്‍(ഓസ്റ്റിന്‍) തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി. ഫാ. ജോണിക്കുട്ടി പുലിശ്ശേരിയുടെ നേതൃത്വത്തില്‍ ഏവരും ചേര്‍ന്ന് ദീപം തെളിച്ചു കിക്കോഫ് നിര്‍വഹിച്ചു.
തദ്ദവസരത്തില്‍, എല്ലാ ഇടവകകള്‍ക്കും, 2024 IPSF ആതിഥേയ ഇടവക, വികാരി ഫാ. ജോണിക്കുട്ടി സ്വാഗതവും ആശംസകളും നേര്‍ന്നു. ‘A Sound Mind In a Sound Body’ എന്നതാണ് ഫെസ്റ്റിന്റെ ആപ്തവാക്യം. സതേണ്‍ റീജണിലെ ഇടവകകകളുടെ പരസ്പര സൗഹൃദത്തിനും പ്രത്യേകിച്ചു യുവജനങ്ങള്‍ക്കു ഒന്നുചേരുവാനുമുള്ള അവസരവുമാണെന്നു ഫാ.ജോണിക്കുട്ടി പുലിശ്ശേരി പറഞ്ഞു.
രൂപതാ ബിഷപ്പ് മാര്‍. ജോയ് ആലപ്പാട്ട് സ്പോര്‍ട്സ് ഫെസ്റ്റിന് പ്രാര്ഥനാശംസകള് അറിയിച്ചു. കായിക മേളയില്‍ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ, ഗാര്‍ലാന്‍ഡ് സെന്റ്. തോമസ് ഫൊറോന , ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സിറോ മലബാര്‍ ഫൊറോന, പേര്‍ലാന്‍ഡ് സെന്റ് മേരീസ് , ഒക്ലഹോമ ഹോളി ഫാമിലി, ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ , മക്അലന്‍ ഡിവൈന്‍ മേഴ്സി സീറോ മലബാര്‍ ചര്‍ച്ച്, സാന്‍അന്റോണിയോ സെന്റ് തോമസ് സിറോ മലബാര്‍ കാത്തോലിക് ചര്‍ച്ച് എന്നീ റീജനിലെ എട്ടു പാരീഷുകള്‍ പങ്കെടുക്കും.
ക്രിക്കറ്റ്, സോക്കര്‍, ബാസ്കറ്റ് ബോള്‍, വോളിബോള്‍, ത്രോബോള്‍ , ബാറ്റ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, കാര്‍ഡ്സ്, ചെസ്സ്, ക്യാരംസ്സ്, പഞ്ചഗുസ്തി, വടംവലി, ടെന്നീസ്, അമേരിക്കന്‍ ഫ്ളാഗ് ഫുട്ബോള്‍ തുടങ്ങി 15 കായിക ഇനങ്ങളില്‍ കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ പങ്കെടുക്കും. ഫോര്‍ട്ട് ബെന്‍ഡ് എപിക് സെന്റര്‍ മത്സരങ്ങള്‍ക്ക് വേദിയാകും.