സ്റ്റേ നിലനില്‍ക്കെ ബസുകളില്‍ നിന്ന് അതിര്‍ത്തി നികുതി പിരിക്കുന്നതെങ്ങിനെഅതൃപ്തി പ്രകടമാക്കി സുപ്രീം കോടതി
ദില്ലി: സുപ്രീംകോടതി സ്റ്റേ നിലനില്‍ക്കെ അഖിലേന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങളില്‍ നിന്ന് അതിര്‍ത്തി നികുതി പിരിക്കുന്നതില്‍ അതൃപ്തി പ്രകടമാക്കി കോടതി. കേരളം,തമിഴ്‌നാട് സംസ്ഥാനങ്ങള്‍ കോടതിയുടെ ഇടക്കാല ഉത്തരവ് പാലിക്കാതെ നികുതി പിരിക്കുന്നുവെന്ന് ബസ് ഉടമകള്‍ അറിയിച്ചതോടെയാണ് കോടതി അതൃപ്തി അറിയിച്ചത്. കോടതിയുടെ ഇടക്കാല ഉത്തരവ് നിലനില്‍ക്കെ ഇതിന് എങ്ങനെ സാധിക്കുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.ഇതോടെ ഉത്തരവ് പാലിക്കാമെന്ന് കേരളവും തമിഴ്‌നാടും സുപ്രീംകോടതിയില്‍ ഉറപ്പ് നല്‍കി.
അഖിലേന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടപ്രകാരം പെര്‍മിറ്റ ഫീസ് നല്‍കിയാല്‍ സംസ്ഥാന നികുതി നല്‍കേണ്ടെന്നാണ് ബസ് ഉടമകളുടെ വാദം. എന്നാല്‍ പെര്‍മിറ്റ് ഫീസില്‍ അന്തര്‍ സംസ്ഥാന നികുതി ഉള്‍പ്പെടുന്നില്ലെന്ന് കാട്ടി കേരളം അടക്കം നികുതി ഈടാക്കിയിരുന്നു. ഇതിനെതിരെ റോബിന്‍ ബസിന്റെ ഉള്‍പ്പടെ 94 ബസ് ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇടക്കാല സ്റ്റേ നല്‍കിയത്. ചട്ടങ്ങള്‍ മാത്രമാണ് നിലവിലുള്ളതെന്നും പാര്‍ലമെന്റില്‍ ഇത് നിയമമാക്കി പാസാക്കിയിട്ടില്ലെന്നും സംസ്ഥാനം സമര്‍പ്പിച്ച് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്. സ്റ്റേജ് കാര്യേജ്, കോണ്‍ട്രാക്ട് കാര്യേജ് തുടങ്ങിയ തര്‍ക്കവിഷയങ്ങള്‍ എന്നാല്‍ ഈ ഹര്‍ജിയുടെ ഭാഗമല്ല. കേസില്‍ കേരള ലൈന്‍സ് ബസ് ഉടമകള്‍ക്കായി അഭിഭാഷകരായ മഹേഷ് ശങ്കരസുബ്ബന്‍ സഹസ്രനാമം, അര്‍ജ്ജുന്‍ ഗാര്‍ഗ് എന്നിവര്‍ ഹാജരായി. സംസ്ഥാനത്തിനായി മുതിര്‍ന്ന അഭിഭാഷകന്‍ ജയന്ത് മുത്തുരാജ് , സ്റ്റാന്‍ഡിംഗ് കൌണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവര്‍ ഹാജരായി.