റോബിന്‍ ഗിരീഷിന് ജാമ്യം: ബസ് പത്തനംതിട്ട പൊലീസ് ക്യാംപിലേക്ക് മാറ്റി
കൊച്ചി: റോബിന്‍ ബസ് ഉടമ ഗിരീഷിന് ജാമ്യം അനുവദിച്ച് കോടതി. വണ്ടി ചെക്ക് കേസിലാണ് ഗിരീഷിനെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ 11:30 മണിയോടെയാണ് കോട്ടയം ഇടമറികിലുള്ള വീട്ടില്‍ പൊലീസ് സംഘമെത്തി ഗിരീഷിനെ കസ്റ്റഡിയിലെടുത്തത്. 2011 മുതല്‍ കൊച്ചിയിലെ കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ കോടതി വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് ഗിരീഷിനെ അറസ്റ്റ് ചെയ്തതെന്ന് പാലാ പൊലീസ് അറിയിച്ചു.
ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വാറന്റ് നടപ്പാക്കുക മാത്രമാണ് ഉണ്ടായതെന്ന് പൊലീസ് വിശദീകരിക്കുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കേസില്‍ ഒരു മുന്നറിയിപ്പോ നോട്ടീസോ പോലും നല്‍കാതെ കോടതി അവധിയായ ദിവസം നോക്കി ഗിരീഷിനെ അറസ്റ്റ് ചെയ്തത് ദുരൂഹം എന്നാണ് കുടുംബത്തിന്റെ വാദം. മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് റോബിന്‍ ബസിന്റെ സര്‍വീസ് ഗിരീഷ് തുടരുന്നതിനിടയിലാണ് മറ്റൊരു കേസില്‍ പൊലീസിന്റെ നടപടി. ഇതിന് പിന്നില്‍ പ്രതികാരമാണോ എന്നത് ജനം തീരുമാനിക്കട്ടെ എന്ന് ഗിരീഷിന്റെ ഭാര്യ നിഷ പ്രതികരിച്ചു.
ഇത്തരം ഒരു കേസിനെ കുറിച്ച് അറിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് വാറന്റോ സമന്‍സോ ലഭിച്ചിട്ടില്ലെന്നും ഗിരീഷ് പറഞ്ഞു. രേഖകളെല്ലാം തയാറാക്കി വാഹനം റോഡിലിറക്കിയിട്ടും അനുഭവം ഇതാണെന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം ഗിരീഷ് പ്രതികരിച്ചു.
”2012ലെ ഒരു എല്‍പി വാറന്റ് ഉണ്ടെന്നാണ് പറഞ്ഞത്. ഞാന്‍ ആറു കൊല്ലം കട്ടിലില്‍ തന്നെ കിടക്കുന്ന കാലഘട്ടമായിരുന്നു അത്. അതിനുശേഷം ഞാന്‍ ഈ നാട്ടില്‍ തന്നെ ഉണ്ടായിരുന്നു, എങ്ങും പോയിട്ടില്ല. ദിവസവും വീട്ടിലും പോകുമായിരുന്നു. 17 വര്‍ഷം കൂടിയിട്ട് രണ്ടു ദിവസം മാറിനില്‍ക്കേണ്ടി വന്നത് കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ പോയപ്പോയാണ്. ആരാ പരാതിക്കാരെന്നും എന്താ കേസെന്നും അറിയില്ല. ബാങ്കുകാരാണെന്ന് പറയപ്പെടുന്നു.
ഒരു ബസുകാരന്റെ അവസ്ഥ മനസ്സിലായല്ലോ. മുന്‍പ് ഒരു സമന്‍സോ വാറന്റോ വന്നിട്ടില്ല. ഇത്രയും കാലം ഞാന്‍ ചെയ്ത പ്രവൃത്തി എവിടെയോ ചെന്ന് കൊള്ളുന്നുണ്ടെന്ന് ഇപ്പോള്‍ മനസ്സിലായല്ലോ? എല്ലാ രേഖകളും കൃത്യമാക്കി ഒരു വാഹനം റോഡിലേക്ക് ഇറക്കിയപ്പോള്‍ എനിക്ക് കിട്ടിയ അനുഭവം ഇതാണ്. യാതൊരു രേഖയും ഇല്ലാതെ വാഹനം കാസര്‍കോട്ടുനിന്ന് ഇങ്ങോട്ട് പോന്നിട്ടുണ്ട്. ആ വാഹനത്തില്‍ നമ്മുടെ നേതാവ് ഇരിപ്പുമുണ്ട്. ഈ നേതാവിന് അറിയില്ല അദ്ദേഹം പോകുന്ന വാഹനത്തിന് ഇങ്ങനൊരു പ്രശ്നം ഉണ്ടെന്ന്. ആ രീതിയിലേക്ക് കൊണ്ടുപോയത് ഗതാഗത വകുപ്പാണ്. നേതാവിനെ പറഞ്ഞിട്ട് കാര്യമില്ല. ഗതാഗത വകുപ്പാണ് ഉത്തരവാദി’ ഗിരീഷ് പറഞ്ഞു.
ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഈരാറ്റുപേട്ട ഇടമറുകിലെ വീട്ടിലെത്തിയാണു ഗിരീഷിനെ അറസ്റ്റ് ചെയ്തത്. 2012ല്‍ കൊച്ചിയില്‍ റജിസ്റ്റര്‍ ചെയ്ത ചെക്കുകേസുമായി ബന്ധപ്പെട്ട് പാലാ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. ചെക്ക് കേസിലുള്ള വാറന്റിന്റെ കാലാവധി തിങ്കളാഴ്ച അവസാനിക്കുന്ന സാഹചര്യത്തിലായിരുന്നു അറസ്റ്റ്. ആരുടേതാണെങ്കിലും പ്രതികാര നടപടിയുമായി മുന്നോട്ടു പോകട്ടെ എന്നു ബേബി ഗിരീഷിന്റെ ഭാര്യ പ്രതികരിച്ചു. ബേബി ഗിരീഷിനെ ഒതുക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അവര്‍ ആരോപിച്ചിരുന്നു.
തുടര്‍ച്ചയായി പെര്‍മിറ്റ് ലംഘിച്ച് സര്‍വീസ് നടത്തി എന്നാരോപിച്ച് കഴിഞ്ഞ ദിവസം മോട്ടര്‍ വാഹന വകുപ്പ് റോബിന്‍ ബസ് പിടിച്ചെടുത്തിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നിന് കോയമ്പത്തൂരില്‍ നിന്നും പത്തനംതിട്ടയില്‍ മടങ്ങിയെത്തിയപ്പോഴായിരുന്നു വന്‍ പൊലീസ് സന്നാഹത്തോടെ പിന്തുടര്‍ന്നെത്തി മോട്ടര്‍ വാഹന വകുപ്പിന്റെ നടപടി. ബസ് പത്തനംതിട്ട പൊലീസ് ക്യാംപിലേക്ക് മാറ്റി. പെര്‍മിറ്റ് ലംഘിച്ചതിന് ബസിനെതിരെ കേസെടുത്തു. ഇതിന് പുറമെ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
സുപ്രീംകോടതി വിധി അനുകൂലമെന്ന ഉടമയുടെ വാദം തെറ്റാണെന്നാണ് മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്. ഇതേസമയം കോടതി ഉത്തരവ് ലംഘിച്ച ഉദ്യോഗസ്ഥരുടെ നടപടി അന്യായമെന്ന് ബസ് നടത്തിപ്പുകാര്‍ പ്രതികരിച്ചു. തമിഴ്നാട്ടില്‍ 1 ലക്ഷത്തോളം രൂപ പിഴയടച്ചാണ് ബസ് പുറത്തിറക്കിയത്.