ജയ്പൂരില്‍ രാഷ്ട്രീയ രജപുത്ര കര്‍ണി സേന അധ്യക്ഷനെ വെടിവച്ചു കൊന്നു

ജയ്പൂരില്‍ രാഷ്ട്രീയ രജ്പുത് കര്‍ണി സേന അധ്യക്ഷന്‍ സുഖ്‌ദേവ് സിംഗ് ഗോഗമേദി വെടിയേറ്റ് മരിച്ചു. വീടിന് പുറത്ത് നില്‍ക്കുകയായിരുന്ന സുഖ്‌ദേവിന് നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ ഗോഗമേദിക്കൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ഗോഗമേദി തന്റെ വീടിന് പുറത്ത് നില്‍ക്കുകയായിരുന്നു. ഇതിനിടെ സ്‌കൂട്ടറിലെത്തിയ രണ്ട് പേര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗോഗമേദിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വെടിവെപ്പില്‍ ഗോഗമെഡിയുടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും മറ്റൊരാള്‍ക്കും പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ചിട്ടുണ്ട്. പ്രദേശവാസികളെ ചോദ്യം ചെയ്തുവരികയാണ്.