കൈരളി നികേതന്റെ ഇന്ത്യന്‍ ഡാന്‍സ് ഫെസ്റ്റ് വിയന്ന ഉപമുഖ്യമന്ത്രി ക്രിസ്റ്റോഫ് വീധര്‍കേര്‍ ഉത്ഘാടനം ചെയ്യും

വിയന്ന: കൈരളി നികേതന്‍ വിയന്നയുടെ ആഭിമുഖ്യത്തില്‍ പ്രവാസി മലയാളികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഇന്ത്യന്‍ ഡാന്‍സ് മത്സരങ്ങള്‍ വിദ്യാഭ്യാസത്തിന്റെയും യുവജനവിഭാഗത്തിന്റെയും ചുമതല വഹിക്കുന്ന വിയന്ന ഉപമുഖ്യമന്ത്രി ക്രിസ്റ്റോഫ് വീധര്‍കേര്‍ ഉത്ഘാടനം ചെയ്യും.

യൂറോപ്പിലെ താമസിക്കുന്ന മലയാളികളോ, പശ്ചാത്തലമുള്ളവരുടെയോ, മലയാളി വംശജരുടെയോ ഇടയില്‍ മാത്രമായി ഇത് ആദ്യമായിട്ടാണ് എല്ലാ പ്രായത്തിലുള്ളവര്‍ക്കുമായി ഒരു സംഘനൃത്ത മത്സരം സംഘടിപ്പിക്കുന്നതെന്ന പ്രത്യേകതയും ഈ ഡാന്‍സ് ഫെസ്റ്റിനുണ്ട്. ജൂണ്‍ 1-ന് ഉച്ച കഴിഞ്ഞു 2 മണിയ്ക്ക് ആരംഭിക്കുന്ന പരിപാടിയില്‍ യുറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രൊഫഷണല്‍ നൃത്തസംഘങ്ങള്‍ മാറ്റുരയ്ക്കും. 25 ടീമുകളും ഇരുന്നൂറോളം ആര്‍ട്ടിസ്റ്റുകളും വിയന്നയില്‍ എത്തിച്ചേരും.

മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് ട്രോഫിയോടൊപ്പം ക്യാഷ് അവാര്‍ഡും ലഭിക്കുന്നതായിരിക്കും. ഒന്നാം സമ്മാനം 501 യൂറോയും, രണ്ടാം സമ്മാനം 301 യൂറോയും, മൂന്നാം സമ്മാനം 201 യൂറോയും ഒപ്പം ട്രോഫിയും മെഡലുകളും ജേതാക്കള്‍ക്ക് ലഭിക്കും. പ്രവേശനം തികച്ചും സൗജന്യമായ കലാസന്ധ്യയില്‍ ഡാന്‍സ് ഫെസ്റ്റിനൊപ്പം പ്രമുഖ ഗായകരുടെ സംഗീത സന്ധ്യയും കോര്‍ത്തിണക്കിയ അതിഗംഭീര സാംസ്‌കാരികവിരുന്നാണ് വിയന്നയില്‍ തയ്യാറാകുന്നത്.

വിയന്നയിലെ 21-മത്തെ ജില്ലയായ ഫ്‌ലോറിഡിസ്‌ഡോര്‍ഫിലാണ് മത്സരങ്ങള്‍ നടക്കുന്നത്. രാത്രി വൈകി പരിപാടികള്‍ അവസാനിയ്ക്കും. ഇന്ത്യന്‍ ഭക്ഷണവും പാനീയങ്ങളും വേദിയില്‍ ലഭിക്കും. കൈരളിയില്‍ പഠിക്കുന്ന കുട്ടികളും, യുവജനങ്ങളും, മാതാപിതാക്കളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഈ കലാസാംസ്‌കാരിക മാമാങ്കത്തിലേയ്ക്ക് ഏവരെയും സംഘാടകര്‍ സ്വാഗതം ചെയ്തു.