ഓസ്ട്രിയയിലെ ദേശീയ വോളീബോള്‍ വേദികള്‍ കയ്യടക്കാന്‍ ഐ.എസ്.സി വിയന്നയ്ക്ക് പുതിയ ചാപ്റ്റര്‍
വിയന്ന: കഴിഞ്ഞ 45 വര്‍ഷമായി മലയാളികളുടെ നേതൃത്വത്തില്‍ ഓസ്ട്രിയയില്‍ പ്രവര്‍ത്തിക്കുന്ന ഐഎസ്സി വിയന്ന വോളീബോള്‍ ക്ലബിന്റെ പുതിയ യുണിറ്റ് ഓസ്ട്രിയയിലെ ലീഗ് മത്സരങ്ങളില്‍ പങ്കെടുക്കും. ഓസ്ട്രിയയിലെ മലയാളസമൂഹത്തിന് അഭിമാനമായി നിലനില്‍ക്കുന്ന ഐഎസ്സി വിയന്നയില്‍ നിന്നും വളര്‍ന്നു വന്ന പുതുതലമുറ താരങ്ങളാണ് ഐഎസ്സി വിയന്ന ടൈറ്റന്‍സ് എന്ന പേരില്‍ ലീഗ് മത്സരങ്ങളില്‍ പൊരുതാന്‍ ഇറങ്ങുന്നത്.
വിയന്നയിലെ ആദ്യകാല മലയാളികള്‍ ഡോ. ജോസ് കിഴക്കേക്കരയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ക്ലബ് (ഐ.എസ്.സി വിയന്ന) യൂറോപ്പില്‍ ഭാരതീയര്‍ക്കുവേണ്ടി സംഘടിപ്പിക്കുന്ന പല മത്സരങ്ങളിലും തുടര്‍ച്ചയായി പങ്കെടുക്കുകയും സമ്മാനങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായി തന്നെയാണ് പുതുതലമുറ താരങ്ങള്‍ ലീഗ് മത്സരങ്ങളിലേയ്ക്ക് യോഗ്യത നേടിയിരിക്കുന്നത്. വിയന്നയിലെ രണ്ടാം തലമുറയില്‍ നിന്നുള്ള അനീഷ് മംഗലത്താണ് ഐഎസ്സി വിയന്ന ടൈറ്റന്‍സിനെ നയിക്കുന്നത്.
വിവിധ ദേശിയ അന്തര്‍ദേശിയ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള യുവതാരങ്ങള്‍ ഉള്‍പ്പെട്ട ശക്തമായ ടീമാണ് ടൈറ്റന്‍സ് ലീഗ് ടീമില്‍ ഇടം നേടിയിരിക്കുന്നത്. അരുണ്‍ മംഗലത്ത്, അനീഷ് മംഗലത്ത്, ആദിത്യന്‍ ഷൈനി മനോജ്, നീരജ് സേട്ടിപള്ളി, കെവിന്‍ ഞൊണ്ടിമാക്കല്‍, ബെഞ്ചമിന്‍ പാലമറ്റം, കിരണ്‍ വെട്ടുകാട്ടേല്‍, ടോം ബോബന്‍ പുത്തൂര്‍, റോണി ലൂക്കോസ്, സാജന്‍ ചെറുകാട്, പ്രിന്‍സ് സാബു, ഹസ്ലാര്‍ ഖാന്‍ ലത്തീഫ്, റ്റെജോ കിഴക്കേക്കര, ഫ്രാന്‍സിസ് കിഴക്കേക്കര, എബി കുരുട്ടുപറമ്പില്‍, കാസ്പര്‍ ഡി കീസര്‍, എഗോര്‍ ബര്‍മിസ്‌ട്രോവ്, ഡാരിസ് ഒമര്‍ഖെയ്ല്‍, മിന്‍-ഡേവിഡ് എല്‍.ഇ, മുഹമ്മദ് താഹിരി, റയാന്‍-ലൂയിജി ഗുമ്പോക്, സാമി എച്ച്. സാലിഹോവിക് തുടങ്ങിയ വമ്പന്‍ താരങ്ങളാണ് ഐഎസ്സി വിയന്ന ടൈറ്റന്‍സിനുവേണ്ടി ജേഴ്സി അണിയുന്നത്.
യൂറോപ്പില്‍ തന്നെ ആദ്യമായിട്ടാണ് ഒരു മലയാളി ടീം ലീഗ് വോളീബോളില്‍ പോരാട്ടത്തിന് ഇറങ്ങുന്നത്. ടൈറ്റന്‍സിന്റെ ആദ്യ ഔദ്യോഗിക മത്സരം സെപ്റ്റംബര്‍ 27ന് നടക്കും. കഴിഞ്ഞ ജൂണില്‍ തന്നെ എല്ലാ നിയമപരമായ നടപടിക്രമങ്ങളും രജിസ്‌ട്രേഷനുകളും പൂര്‍ത്തിയാക്കിയ ഐഎസ്സി വിയന്ന ടൈറ്റന്‍സ് ടീം ഓസ്ട്രയയിലെ ശക്തരായ ഹോട്ട് വോളിസിനെ നേരിടും.
മലയാളികളുടെ നേതൃത്വത്തില്‍ ഓസ്ട്രിയയില്‍ പ്രവര്‍ത്തിക്കുന്ന ഐഎസ്സി വിയന്നയുടെ പുതുതലമുറ താരങ്ങള്‍ രാജ്യത്തെ ലീഗ് മത്സരങ്ങളിലേയ്ക്ക് മാറ്റുരയ്ക്കാന്‍ തയ്യാറെടുക്കുന്ന നിമിഷങ്ങള്‍ ഏറെ പ്രതീക്ഷയോടെയാണ് മാതാപിതാക്കളും, ടീമിലെ മുതിര്‍ന്ന താരങ്ങളും, രാജ്യത്തെ മലയാളിസമൂഹവും ഉറ്റുനോക്കുന്നത്.