അതൃപ്തി: കുടുംബവാഴ്ചയ്‌ക്കെതിരായ തരൂരിന്റെ ലേഖനം
ന്യൂഡല്‍ഹി: കുടുംബവാഴ്ചക്കെതിരെ പരസ്യ വിമര്‍ശനമുന്നയിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുതിര്‍ന്ന നേതാവുമായ ശശി തരൂര്‍ എംപിയുടെ നടപടിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തി. കുടുംബപശ്ചാത്തലം കാട്ടി ആരെയും തടയാനാകില്ല.തിരഞ്ഞെടുപ്പ് അടുത്തവേളയില്‍ നേതാക്കള്‍ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും കോണ്‍ഗ്രസ് നേതൃത്വം മുന്നറിയിപ്പ് നല്‍കി.
നെഹ്റു കുടുംബത്തെ അടക്കം പരാമര്‍ശിച്ചു കൊണ്ട് പ്രൊജക്ട് സിന്‍ഡിക്കേറ്റിലാണ് ശശി തരൂര്‍ കുടുംബവാഴ്ചയ്‌ക്കെതിരെ ലേഖനമെഴുതിയത്. നെഹ്റു മുതല്‍ പ്രിയങ്ക ഗാന്ധി വരെയുള്ളവരെ ലേഖനത്തില്‍ തരൂര്‍ വിമര്‍ശിക്കുന്നുണ്ട്. പരിചയത്തിനേക്കാള്‍ പാരമ്പര്യത്തിന് മുന്‍ഗണന നല്‍കുന്ന രീതി ശരിയല്ല എന്നും തരൂര്‍ ലേഖനത്തില്‍ അഭിപ്രായപ്പെടുന്നു.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റു, പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, നിലവിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുള്‍പ്പെടുന്ന നെഹ്‌റു- ഗാന്ധി കുടുംബത്തിന്റെ സ്വാധീനം ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രവുമായി ഇഴചേര്‍ന്നിരിക്കുന്നതാണ്. എന്നാല്‍, രാഷ്ട്രീയ നേതൃത്വം ഒരു ജന്മാവകാശം ആണെന്ന ധാരണയ്ക്ക് ഇത് അടിത്തറയിട്ടു. ഈ ആശയം ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളിലും എല്ലാ പ്രദേശങ്ങളിലും എല്ലാ തലത്തിലുമുള്ള രാഷ്ട്രീയത്തിലും വ്യാപിച്ചുകഴിഞ്ഞിരിക്കുന്നു’ എന്ന് ലേഖനം പറയുന്നു.
പരിചയത്തിനേക്കാള്‍ പാരമ്പര്യത്തിന് മുന്‍ഗണന നല്‍കുന്ന രീതി, ഭരണ നേതൃത്വത്തിന്റെ നിലവാരം കുറയ്ക്കും. സ്ഥാനാര്‍ഥിയുടെ യോഗ്യത കുടുംബപ്പേര് മാത്രമാകുകയാണ്. മണ്ഡലത്തിലെ ജനങ്ങളോട് ഇവര്‍ ഫലപ്രദമായി ഇടപെടാറില്ല. കുടുംബാധിപത്യം പുലര്‍ത്തുന്നവര്‍ക്ക് പ്രകടനം മോശമായാല്‍ ജനങ്ങളോട് കണക്ക് പറയേണ്ട ആവശ്യവുമില്ല. കുടുംബാധിപത്യത്തിന് അപ്പുറം കഴിവിനെ പരിഗണിക്കുന്ന രീതി വരണം. കുടുംബാധിപത്യം അവസാനിപ്പിക്കാന്‍ നിയമപരമായ പരിഷ്‌കരണം കൂടി വേണമെന്നും തരൂര്‍ ലേഖനത്തില്‍ ആവശ്യപ്പെടുന്നു.
കുടുംബവാഴ്ച രാഷ്ട്രീയത്തിനെതിരെയുള്ള ശശി തരൂര്‍ എംപിയുടെ ലേഖനം കോണ്‍ഗ്രസിനെതിരേ ബിജെപി ആയുധമാക്കിയിരുന്നു. തരൂരിന്റെ ലേഖനം രാഹുല്‍ഗാന്ധിയെയും തേജസ്വിയാദവിനെയും ഉദ്ദേശിച്ചാണെന്നാണ് ബിജെപി ആരോപിക്കുന്നത്. ശശിതരൂരിന്റേത് ഉള്‍ക്കാഴ്ചയുള്ള ലേഖനമാണെന്നും നെഹ്‌റുകുടുംബം എങ്ങനെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തെ കുടുംബ ബിസിനസാക്കി മാറ്റിയെന്നതിന്റെ തെളിവാണിതെന്നും ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല കുറ്റപ്പെടുത്തി.







